തമിഴ്‌നാട് മെഡിക്കല്‍ കോളേജില്‍ സത്യപ്രതിജ്ഞക്ക് പകരം ‘ചരക് ശപഥി’ ന് അനുവാദം; ഡീനിനെ സര്‍ക്കാര്‍ പുറത്താക്കി

തമിഴ്‌നാട്ടില്‍ മധുരയിലെ മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച നടന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശന ചടങ്ങിനിടെ പരമ്പരാഗത ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരം സംസ്‌കൃതത്തില്‍ (ചരക് ശപഥ്) പ്രതിജ്ഞയെടുക്കാന്‍ അനുവദിച്ചതിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡീനിനെ നീക്കി. തമിഴ്നാട് ആരോഗ്യമന്ത്രി സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞ മാത്രമേ ഉപയോഗിക്കാവൂ എന്ന് മെഡിക്കല്‍ കോളജുകള്‍ക്കും ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ സ്വന്തം നിലയിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഡീന്‍ അവകാശപ്പെട്ടു.

അതേസമയം, ഡീനിനെ നീക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി നേതാവ് നാരായണന്‍ തിരുപ്പതി ചൂണ്ടിക്കാട്ടി. ‘ഹിപ്പോക്രാറ്റിക് പ്രതിജ്ഞയാണ് പ്രതിജ്ഞയെടുക്കാനുള്ള പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട മാര്‍ഗം. എന്‍എംസി പഴയ ഇന്ത്യന്‍ ചികിത്സാരീതിയാണ് (മഹര്‍ഷി ചരക് ശപത്) ശുപാര്‍ശ ചെയ്തത്. അനാവശ്യ രാഷ്ട്രീയം ഒഴിവാക്കണം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.