ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണത്തില്‍ മാംസാഹാരം തുടരാമെന്ന് സുപ്രീംകോടതി. അടച്ചുപൂട്ടിയ ഡയറി ഫാം പ്രവര്‍ത്തിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്കാരത്തിന്റെ ഭാഗമായാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരം ഒഴിവാക്കിയത്. അതിനാല്‍ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിനും പ്രഫുല്‍ ഖോഡെ പട്ടേലിനും നോട്ടീസയച്ചിട്ടുണ്ട്. സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകനും കവരത്തി സ്വദേശിയുമായ അജ്മല്‍ അഹമ്മദ് ആണ് ഹര്‍ജിയുമായി സുപ്രീകോടതിയെ സമീപിച്ചത്.
പ്രഫുല്‍ പട്ടേല്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ദ്വീപ് നിവാസികളുടെ താല്പര്യം കണക്കിലെടുക്കാതെ ഇത്തരം പരിഷ്കാരം കൊണ്ടുവരുന്നതെന്ന് സീനിയര്‍ അഭിഭാഷകന് ഐ.എച്ച് സെയ്ദ്, പീയൂഷ് കോട്ടം, ആബിദ് അലി ബീരാന് എന്നിവര്‍ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്.
ലക്ഷദ്വീപിന്റെ തനത് ഭക്ഷണ സംസ്കാരം തകര്‍ക്കാനും, ചില രാഷ്ട്രീയ അജണ്ടയുടെ പേരിലുമാണ് ഭരണകൂട നടപടി എന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, ഉച്ചഭക്ഷണ മെനുവില്‍ ആവശ്യത്തിന് ഡ്രൈ ഫ്രൂട്ട്സ്, മുട്ട എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

