പീഡന കേസ്; മെയ് 19 ന് ഹാജരാകാമെന്ന് പോലീസിനെ അറിയിച്ച് വിജയ് ബാബു

കൊച്ചി: മെയ് 19 ന് ഹാജരാകാമെന്ന് കൊച്ചി സിറ്റി പോലീസിനെ അറിയിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. ബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്രയിലാണെന്നും ഹാജരാകാൻ സാവകാശം വേണമെന്നും വിജയ് ബാബു അറിയിച്ചു. ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് പോലീസ് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ നടത്തുന്നത്.

അതേ സമയം സാവകാശം നൽകില്ലെന്നാണ് പോലീസിന്റെ നിലപാടെന്നാണ് റിപ്പോർട്ടുകൾ. മെയ് 18 നാണ് ഹൈക്കോടതിയിൽ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇത് മുന്നിൽ കണ്ടാണ് വിജയ് ബാബുവിന്റെ നീക്കമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പീഡന ആരോപണത്തെ തുടർന്ന് വിദേശത്തേക്ക് കടന്ന താരത്തോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് സമർപ്പിച്ചിരുന്നു.

ഇതിനുള്ള മറുപടിയിലാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതിക്ക് തൊട്ടടുത്ത ദിവസം നേരിട്ട് ഹാജരാകാമെന്ന് വിജയ് ബാബു വ്യക്തമാക്കിയത്. വിജയ് ദുബായിലാണ് ഇപ്പോഴുള്ളത്.