ബിജെപിയിൽ പരസ്യ വിമത നീക്കം ആരംഭിച്ച് ശോഭാ സുരേന്ദ്രൻ അനുകൂലികൾ; പ്രത്യേക യോഗം സംഘടിപ്പിച്ചു

പാലക്കാട്: ബിജെപിയിൽ പരസ്യ വിമത നീക്കം ആരംഭിച്ച് ശോഭാ സുരേന്ദ്രൻ അനുകൂലികൾ. പാലക്കാട് ജില്ലയിൽ ശോഭാ സുരേന്ദ്രൻ അനുകൂലികൾ പ്രത്യേക യോഗം സംഘടിപ്പിച്ചു. പത്മദുർഗം സേവാസമിതി പ്രവർത്തക കൺവെൻഷൻ എന്ന പേരിലാണ് ചിറ്റൂരിൽ യോഗം നടത്തിയത്. കൺവെൻഷൻ പൊളിക്കുന്നതിനായി ബിജെപി മറ്റൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇത് അവഗണിച്ച് നൂറ് കണക്കിന് പ്രവർത്തകരാണ് യോഗത്തിലേക്ക് എത്തിയത്.

നിലവിൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരും ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നവരും ചേർന്നാണ് ചിറ്റൂരിൽ വിമത കൺവെൻഷൻ നടത്തിയത്. ശോഭാ സുരേന്ദ്രനാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ, എസ് ആർ ബാലസുബ്രഹ്മണ്യം, വി നടേശൻ തുടങ്ങിയ ബിജെപി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. നൂറ് കണക്കിന് പേരാണ് കൺവെൻഷനിൽ പങ്കെടുത്തത്.

ബിജെപി നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ വിയോജിപ്പുള്ളവരെ സംഘപരിവാർ ആശയത്തിൽ നിലനിർത്താനാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പദ്മദുർഗം സേവാസമിതി ഭാരവാഹികൾ അറിയിച്ചത്. അതേസമയം, പാലക്കാട്ട് നടന്നത് വിമത കൺവെൻഷൻ അല്ലെന്നായിരുന്നു ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയത്.