അടുത്ത വർഷത്തോടെ മലബാറിൽ ഹജ്ജ് എംബാർക്കേഷൻ സെന്റർ കൊണ്ടുവരും; എ പി അബ്ദുള്ളക്കുട്ടി

കണ്ണൂർ: അടുത്ത വർഷത്തോടെ മലബാറിൽ ഹജ്ജ് എംബാർക്കേഷൻ സെന്റർ കൊണ്ടുവരും. കേന്ദ്രഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 21 എംബാർക്കേഷൻ സെന്ററുകളാണ് ഇപ്പോഴുള്ളത്. കണ്ണൂരും കോഴി ക്കോടും ഒരേ സാധ്യതയാണ് ഉള്ളതെന്നും കൊച്ചി ശ്രദ്ധേയമായ സെന്ററാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ മീറ്റ് ദി പ്രസ്സിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഹജ്ജിന് അപേക്ഷ ലഭിക്കുന്നത്. സംസ്ഥാനത്ത് നിന്നും 17,000 അപേക്ഷകളാണ് ലഭിച്ചത്. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ വിശ്വാസികൾ ഹജ്ജ് അനുഷ്ഠിച്ചത് 2019 ലാണ്. അന്ന് രണ്ട് ലക്ഷം പേർ ഹജ്ജ് അനുഷ്ഠിച്ചു. 2019 ൽ 1,90,000 പേർക്കാണ് ആദ്യ ലിസ്റ്റിൽ അനുമതി ലഭിച്ചിരുന്നത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പതിനായിരം പേർക്ക് കൂടി പ്രത്യേക സാഹചര്യമുണ്ടാക്കി. സർക്കാർ ചെലവിലാണ് ഇവർക്ക് ഹജ്ജിന് പോകാനുള്ള സാഹചര്യമുണ്ടാക്കിയതെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു.

സ്ത്രീകൾക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള സാഹചര്യം 2018 വരെ ഉണ്ടായിരുന്നില്ല. ഭർത്താവോ മറ്റ് അടുത്ത പുരുഷ ബന്ധുക്കളോ കൂടെ വേണമെന്ന നിർബന്ധമുണ്ടായിരുന്നു. സ്ത്രീകൾക്ക് മാത്രം ഹജ്ജിന് പോകാനുള്ള സാഹചര്യമൊരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്ര മോദി സൗദി അധികൃതരുമായി ബന്ധപ്പെട്ട് അനുകൂലമായ സാഹചര്യമുണ്ടാക്കി. ഇപ്പോൾ സ്ത്രീകളുടെ സംഘങ്ങൾക്കും ഹജ്ജ് അനുഷ്ഠിക്കാനുള്ള സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജിന്റെ ചരിത്രത്തിൽ വലിയ വിപ്ലവമായിരുന്നു ഇത്. മതപുരോഹിതൻമാരുടെ നിർദേശത്തിലാണ് സൗദി അധികൃതർ ഈ തീരുമാനമെടുത്തത്. നരേന്ദ്ര മോദി ഓരോ മേഖലയിലെയും പ്രശ്‌നങ്ങൾ ജനങ്ങളിൽ നിന്ന് പഠിച്ച് ശക്തമായ ഇടപെട്ട് ആവശ്യമായ പരിഹാരങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും അബുദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.