തിരുവനന്തപുരം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ച ഗുരുദര്‍ശനവും കാഴ്ചപ്പാടും ഒരേസമയം കൗതുകകരവും അപകടകരവുമെന്ന് ദേശാഭിമാനി പത്രത്തിലെ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. മോദിയുടെ ഗുരുനിന്ദ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോടിയേരിയുടെ വാക്കുകള്‍
‘ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്നത് നല്ലതാണ്. എന്നാല്‍, ആ അവസരം ഗുരുവിന്റെ ദര്‍ശനത്തേയും നിലപാടുകളേയും തിരസ്‌കരിക്കാനും സംഘപരിവാരിന്റെ കാവിവര്‍ണ ആശയങ്ങള്‍ ഒളിച്ചുകടത്താനുള്ള അവസരമാക്കുന്നത് അനുചിതമാണ്. ഗുരുചിന്തയോട് തെല്ലെങ്കിലും കൂറുണ്ടെങ്കില്‍ ജഹാംഗിര്‍പുരിയില്‍ മുസ്ലീം വേട്ട നടത്തുന്ന ബുള്‍ഡോസര്‍രാജിനെ തള്ളിപ്പറയുകയായിരുന്നു മോദി ചെയ്യേണ്ടിയിരുന്നത്. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ‘ബുള്‍ഡോസര്‍രാജ്’ അരങ്ങേറുകയാണ് ഇപ്പോള്‍. രാമന്റെയും ഹനുമാന്റെയും പേരിലെന്നപോലെ ശ്രീനാരായണ ഗുരുവിന്റെ പേരും ദുരുപയോഗിച്ച് മുസ്ലിംവിരുദ്ധ വര്‍ഗീയ ലഹളയ്ക്കാണോ മോദിയും കൂട്ടരും ലക്ഷ്യമിടുന്നത്? സംഘപരിവാര്‍ അജന്‍ഡ ഗുരുദര്‍ശനത്തിനെതിരാണ്. മോദി ഗുരുവില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭാരതീയ സംസ്‌കാരവും മൂല്യവും ഹിന്ദുത്വ അജന്‍ഡയുടേതാണ്. അതിന്റെ ഭാഗമായിട്ടാണ് ശ്രീനാരായണ തീര്‍ഥാടന കേന്ദ്രം വിശ്വാസത്തിന്റെ കേന്ദ്രം മാത്രമല്ല ‘ഏക ഭാരതം, ശ്രേഷ്ഠഭാരതം’ എന്ന ചൈതന്യമുണര്‍ത്തുന്ന സ്ഥാപനമാണെന്ന, പ്രത്യക്ഷത്തില്‍ ഭംഗിവാക്കെന്ന് തോന്നിപ്പിക്കുന്ന അഭിപ്രായം മോദിയില്‍ നിന്നുണ്ടായത്. അയോധ്യ, മുത്തലാഖ്, കശ്മീര്‍ വിഷയങ്ങള്‍ക്കുശേഷം ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡില്‍ പിടിച്ചിരിക്കുകയായാണ്. പൊതുവ്യക്തിനിയമം ഉണ്ടാക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങളുടെ അഭിപ്രായങ്ങളും താല്‍പ്പര്യങ്ങളും കൂടി കണക്കിലെടുത്തേ നടപ്പാക്കാവൂ. എന്നാല്‍, ഒറ്റ ഭാഷ, ഒരേതരം വേഷം, ഭക്ഷണരീതി, വിവാഹരീതി, വിശ്വാസം, ആചാരം ഇതെല്ലാം നടപ്പാക്കാനാണ് സംഘപരിവാര്‍ നിലകൊള്ളുന്നത്. ഇത്തരത്തിലുള്ള ഏകസംസ്‌കാര പ്രഘോഷണങ്ങള്‍ ഫാസിസത്തിന്റെ കുഴല്‍വിളിയാണ്. സംഘപരിവാറിന്റെ ഏകീകൃത സിവില്‍ കോഡ്, ഭരണഘടനയുടെ 25–ാം വകുപ്പ് ഉറപ്പുതരുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കി ഹിന്ദുമതത്തിന്റെ നിയമസംഹിതകള്‍ എല്ലാ മതവിഭാഗത്തിനും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതാണ്. ഇതിനുവേണ്ടി ‘ബുള്‍ഡോസര്‍രാജ്’ നടപ്പാക്കുന്ന മോദിയും ‘ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന’ അനുകമ്പയെ തന്റെ ദര്‍ശനമായി വിളംബരം ചെയ്ത ഗുരുവും രണ്ടു തട്ടിലാണ്’- കോടിയേരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

