പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് തെലങ്കാന മുഖ്യമന്ത്രിയെ വിലക്കിയിട്ടില്ല; വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി കേന്ദ്രമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ നിന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ വിലക്കിയെന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അത്തരമൊരു നിർദേശവും നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിൽ നടന്ന പ്രധാനമന്ത്രിയുടെ ഹൈദരാബാദ് സന്ദർശന പരിപാടിയിൽ മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സുഖമില്ലാത്തതിനാൽ ചന്ദ്രശേഖര റാവു പങ്കെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചതെന്നും ജിതേന്ദ്ര സിങ് വിശദമാക്കി.

ചന്ദ്രശേഖർ റാവുവിനെ മോദിയുടെ പരിപാടിയിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിലക്കിയെന്ന് മകനും തെലങ്കാന മന്ത്രിയുമായ കെ.ടി.രാമറാവുവാണ് ആരോപിച്ചത്. ഒരു മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വലിയ ചർച്ചകൾക്കാണ് ഈ വെളിപ്പെടുത്തൽ വഴിവെച്ചത്. തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ജിതേന്ദ്ര സിംഗ് വിഷയത്തിൽ വിശദീകരണം നൽകിയത്.