ടൈറ്റന്‍സിന് അവിശ്വസനീയ ജയം

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് അവിശ്വസനീയ വിജയം. 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അവസാന പന്തിലാണ് ജയത്തിലെത്തിയത്. 25 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഉമ്രാന്റെ പേസിന് മുന്നില്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്നാണ് അവസാന രണ്ടോവറില്‍ 35 റണ്‍സ് അടിച്ചെടുത്ത് തെവാട്ടിയയും റാഷിദും ചേര്‍ന്ന് ഗുജറാത്തിനെ ജയത്തിലേക്ക് നയിച്ചത്. ജയത്തോടെ ഗുജറാത്ത് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തായി.

മാര്‍ക്കോ ജാന്‍സണ്‍ എറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തി തെവാട്ടിയ ഗുജറാത്തിന് പ്രതീക്ഷ നല്‍കി. രണ്ടാം പന്തില്‍ തെവാട്ടിയയുടെ സിംഗിള്‍. മൂന്നാം പന്തില്‍ റാഷിദ് ഖാന്റെ സിക്‌സ്, നാലാം പന്തില്‍ റണ്ണില്ല. ഗുജറാത്തിന് ജയിക്കാന്‍ രണ്ട് പന്തില്‍ ഒമ്ബത് റണ്‍സ്. അഞ്ചാം പന്തില്‍ വീണ്ടും റാഷിദിന്റെ സിക്‌സര്‍. ഒരു പന്തില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. അവസാന പന്തില്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ റാഷിദിന്റെ രണ്ടാം സിക്‌സര്‍. ഗുജറാത്തിന് അവിശ്വസനീയ ജയം. സ്‌കോര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 195-6, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 199-5.