ഒന്നരമാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മലയാള സിനിമകള്‍

മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് പെരുന്നാള്‍ റിലീസുകളായി തിയേറ്ററുകളിലെത്തുന്നത്. ഡിജോ ജോസ് ആന്റണിയുടെ പൃഥ്വിരാജ് ചിത്രം ജന ഗണ മന, സത്യന്‍ അന്തിക്കാടിന്റെ ജയറാം- മീര ജാസ്മിന്‍ ചിത്രം മകള്‍, മമ്മൂട്ടിയുടെ കെ മധു ചിത്രം സിബിഐ 5 ദ് ബ്രെയിന്‍ എന്നിവയാണ് അവ.

നാളെയാണ് ജനഗണമനയുടെ റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിയറ്ററുകളില്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

29 നാണ് സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ റിലീസ്. ആറ് വര്‍ഷത്തിനു ശേഷമാണ് മീര ജാസ്മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തെത്തുന്നത്. 2010-ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നുവാണ് ജയറാം അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം. മെയ് 1 ഞായറാഴ്ചയാണ് സിബിഐ 5 തിയറ്ററുകളില്‍ എത്തുക. മമ്മൂട്ടിയുടെ ഐക്കണിക് കഥാപാത്രമായ സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരുടെ അഞ്ചാം വരവാണ് ഈ ചിത്രം. കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ത്തന്നെ എത്തുന്ന ചിത്രത്തിന്റേതായി ഇതുവരെ എത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വിക്രം എന്ന കഥാപാത്രമായി ജഗതി ശ്രീകുമാറും സ്‌ക്രീനില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ കൗതുകങ്ങളില്‍ ഒന്ന്.