രാജ്യസുരക്ഷാ ഭീഷണി: 16 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക്‌

ന്യൂഡല്‍ഹി: രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയതിനാല്‍ ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 16 യുട്യൂബ് വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. 10 ഇന്ത്യന്‍ ചാനലുകള്‍ക്കും ആറ് പാകിസ്താന്‍ ചാനലുകള്‍ക്കുമാണ് വിലക്ക്. ഈ ചാനലുകള്‍ക്ക് ഏതാണ്ട് 68 കോടിയിലധികം കാഴ്ചക്കാരുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

‘രാജ്യ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധങ്ങള്‍, സാമുദായിക സൗഹാര്‍ദം, പൊതു ഉത്തരവ് എന്നിവ സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. 2021ലെ ഐ.ടി ചട്ടങ്ങളിലെ റൂള്‍ 18 പ്രകാരം ഈ ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകരാരും മന്ത്രാലയത്തിന് വിവരങ്ങള്‍ നല്‍കിയിരുന്നില്ല. ചില ഇന്ത്യന്‍ ചാനലുകള്‍ പ്രസിദ്ധീകരിച്ച ഉള്ളടക്കത്തില്‍ ഒരു സമുദായത്തെ ഭീകരസ്വഭാവമുള്ളതായി ചിത്രീകരിക്കുകയും അത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും ചെയ്തു’- മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറയുന്നു.

വിലക്കേര്‍പ്പെടുത്തിയ ചാനലുകള്‍:

ഇന്ത്യന്‍ ചാനലുകള്‍

സൈനി എജ്യുക്കേഷന്‍ റിസര്‍ച്ച്

ഹിന്ദി മെയിന്‍ ദേഖോ

ടെക്‌നിക്കല്‍ യോഗേന്ദ്ര

ആജ് തെ ന്യൂസ്

എസ്.ബി.ബി ന്യൂസ്

ഡിഫന്‍സ് ന്യൂസ് 24*7

ദ് സ്റ്റഡി ടൈം

ലേറ്റസ്റ്റ് അപ്‌ഡേറ്റ്

എം.ആര്‍.എഫ് ടി.വി ലൈവ്

തഹാഫുസ്-ഇ-ദീന്‍-ഇന്ത്യ

പാകിസ്താന്‍ ചാനലുകള്‍

ആജ്തക് പാകിസ്താന്‍

ഡിസ്‌കവര്‍ പോയിന്റ്

റിയാലിറ്റി ചെക്‌സ്

കൈസര്‍ ഖാന്‍

ദ് വോയിസ് ഓഫ് ഏഷ്യ

ബോല്‍ മീഡിയ ബോല്‍