കെ റെയിൽ സംവാദം ഇന്ന്; പ്രവേശനം ക്ഷണിക്കപ്പെട്ടവർക്ക് മാത്രം

k rail

തിരുവനന്തപുരം കെ റെയിൽ പദ്ധതിയെക്കുറിച്ചു സംഘടിപ്പിക്കുന്ന സംവാദം ഇന്ന്. രാവിലെ 11 മണിക്ക് ഹോട്ടൽ താജ് വിവാന്തയിലാണ് കെ-റെയിൽ ചർച്ച നടക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ഡോ. ആർ.വി.ജി മേനോൻ, റിട്ട. റെയിൽവേ ബോർഡ് മെമ്പർ (എൻജിനീയറിങ്) സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി.ഐസക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ തുടങ്ങിയവർ ചർച്ചയിൽ പങ്കുചേരും.

നാഷണൽ അക്കാദമി ഓഫ് ഇന്ത്യൻ റെയിൽവേസിൽ നിന്നു വിരമിച്ച സീനിയർ പ്രഫസർ മോഹൻ എ. മേനോനായിരിക്കും ചർച്ചയുടെ മോഡറേറ്റർ. കെ റെയിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ചർച്ച തത്സമയം നടക്കും. ക്ഷണിക്കപ്പെട്ട സദസ്സിനു മാത്രമായിരിക്കും ചർച്ചയിലേക്ക് പ്രവേശനം അനുവദിക്കുക.

അതേസമയയം, കെ-റെയിൽ ചർച്ചയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്തി മെയ് നാലിനു ചർച്ച സംഘടിപ്പിക്കാനാണ് ജനകീയ പ്രതിരോധ സമിതിയുടെ തീരുമാനം. മുഖ്യമന്ത്രിയെയും സർക്കാർ പ്രതിനിധികളെയും സംവാദത്തിനു ക്ഷണിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. അലോക് വർമ, ജോസഫ് സി മാത്യു, ആർ വി ജി. മോനോൻ, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കുമെന്നു സമിതിയുടെ നേതാക്കൾ അറിയിച്ചു.