കണ്ണൂര്‍: സംസ്ഥാനത്തെ കെ റെയില്‍ സമരക്കാരെ സി.പി.എം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത നടപടിയെ ന്യായീകരിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്.
‘മൊബൈല്‍ സമരക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രശ്നം ഉണ്ടാക്കുന്നത്. അവരാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലവിളി നടത്തുന്നത്. ഭൂവുടമകള്‍ ഇല്ലാത്തതും ജന പിന്തുണ ഇല്ലാത്തതുമായ സമരമാണ് നടന്നത്. ഉദ്യോഗസ്ഥനെ വധിക്കുമെന്ന് പറഞ്ഞ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് കിട്ടിയിട്ടും പുറത്ത് വിട്ടില്ല’- ജയരാജന്‍ പറഞ്ഞു. തല്ലാനുള്ള സാഹചര്യം കോണ്‍ഗ്രസും ബി.ജെ.പിയും ഉണ്ടാക്കുന്നു. യു.ഡി.എഫ് മാറ്റിയ കല്ല് എല്‍.ഡി.എഫ് പുനസ്ഥാപിക്കുന്നതില്‍ തെറ്റില്ല. തല്ല് ഒന്നിനും പരിഹാരമല്ലെന്ന് കോടിയേരിയും ചൂണ്ടിക്കാട്ടി.
അതേസമയം, കണ്ണൂര്‍ നടാലില്‍ കെ-റെയില്‍ സര്‍വേ കല്ലിടലിനെതിരെ പ്രതിഷേധിക്കാനെത്തിയവരെയാണ് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. എടക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമരത്തിനെത്തിയവരെ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചത്. ഇരുകൂട്ടരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

