കെ-റെയില്‍ സംവാദം: അലോക് വര്‍മ്മക്ക് പിന്നാലെ അതൃപ്തിയറിയിച്ച് ശ്രീധര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ നടത്തുന്നതെന്ന നിലയില്‍ ചര്‍ച്ചയായ സംവാദം കെ-റെയില്‍ നടത്തുന്നതെന്ന രീതിയിലേക്കെത്തിയതോടെ അലോക് വര്‍മ്മക്ക് പിന്നാലെ പിന്മാറുമെന്ന സൂചന നല്‍കി ശ്രീധര്‍ രാധാകൃഷ്ണനും. പദ്ധതിയുടെ മാഹാത്മ്യം പ്രചരിപ്പിക്കാനെന്ന രീതിയിലാണ് പരിപാടിയുടെ ക്ഷണക്കത്തടക്കമുള്ളതെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

കേരളത്തിന്റെ വികസനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന പദ്ധതിയുടെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള മീറ്റിംഗ് എന്ന നിലയിലാണ് ക്ഷണക്കത്തിലെ പരാമര്‍ശങ്ങളുള്ളതെന്നാണ് പാനല്‍ അംഗങ്ങള്‍ പറയുന്നു. സര്‍ക്കാര്‍ സംവാദം നടത്തും എന്നാണ് നേരത്തെ അറിയിച്ചതെങ്കിലും ഇപ്പോള്‍ കെ റെയിലാണ് പാനലില്‍ ഉള്ളവരെ ക്ഷണിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മ്മ എതിര്‍പ്പുന്നയിച്ചത്. ക്ഷണക്കത്ത് പോലും ഏകപക്ഷീയമാണെന്നും അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്നു. ഇന്ന് ഉച്ചക്കുള്ളില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തി ചീഫ് സെക്രട്ടറിയോ സര്‍ക്കാര്‍ പ്രതിനിധിയോ കത്ത് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ മറുപടിക്ക് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് ശ്രീധര്‍ രാധാകൃഷ്ണനും രംഗത്തെത്തിയത്. ‘നേരത്തെ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെന്ന രീതിയിലായിരുന്നു പാനല്‍ അംഗങ്ങളെ സര്‍ക്കാര്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നത്. എന്നാല്‍ കെ റെയിലാണ് പരിപാടി നടത്തുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അലോക് വര്‍മ്മ എതിര്‍പ്പുന്നയിച്ച് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിനോട് അനുകൂല നിലപാടാണ്. ഇത്തരത്തില്‍ ഏകപക്ഷീയമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ സംവാദത്തില്‍ നിന്നും വിട്ടുനില്‍ക്കും. സില്‍വര്‍ ലൈന്‍ സംവാദത്തെ ഒരു പിആര്‍ വര്‍ക്ക് ആക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. സംവാദത്തില്‍ കെ. റെയിലിന് ആത്മാര്‍ത്ഥതയുണ്ടെന്ന് കരുതുന്നില്ല. എല്ലാ തലത്തിലുള്ള ആള്‍ക്കാരും സംവാദം കേള്‍ക്കാന്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കത്ത് വന്നപ്പോള്‍ മോഡറേറ്ററെ പോലും മാറ്റിയിരിക്കുന്നതായാണ് മനസിലാകുന്നത്. സംസാരിക്കാന്‍ പോലുമുള്ള അവസരം ലഭിക്കുമെന്ന് കരുതുന്നില്ല’- ശ്രീധര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.