തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയില്‍ സര്‍വേയുടെ കല്ലിടലില്‍ പ്രതിഷേധക്കാരെ തിരുവനന്തപുരത്ത് പോലീസുകാരന്‍ ചവിട്ടിയത് ശരിയായില്ലെന്ന വിമര്‍ശനവുമായി സിപിഐ രംഗത്ത്.
‘പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടി സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി വേണം, എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാന്‍. ഇങ്ങനെയാണോ പോലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നത്?’- സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ ചോദ്യം ഉയര്‍ന്നു.
അതേസമയം, കെ-റെയില്‍ സമരക്കാര്‍ക്ക് നേരെ തിരുവനന്തപുരം കരിച്ചാറായില്‍ നടന്ന പോലീസ് അതിക്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ്. അഖില്‍ നല്‍കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസ് എടുത്തു.

