കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ എ.ഡി.ജി.പി ശ്രീജിത്തിനെ മാറ്റിയ വിഷയത്തിൽ ന്യായീകരണവുമായി വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി. എസ് ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ലെന്നും മേൽനോട്ട ചുമതല മാത്രമാണുള്ളതെന്നും സതിദേവി അറിയിച്ചു. ഡബ്ള്യു.സി.സിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സതിദേവി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സ്ത്രീ പീഡനകേസുകളിലെ നയം മാറ്റം ഉണ്ടാകില്ല. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് സാധാരണ നടപടിയാണ്. ശ്രീജിത്തിനെ മാത്രമല്ല മറ്റു ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. എസ് ശ്രീജിത്ത് പല കേസുകളിലും അന്വേഷണം ശരിയായി നടത്തിയിട്ടില്ലെന്ന് ആരോപണം ഉയർന്നതെല്ലാം എല്ലാവർക്കുമറിയാം. പുതുതായി വരുന്ന ഉദ്യോഗസ്ഥൻ കൃത്യമായി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കി.
അതേസമയം കണ്ണൂരിൽ കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച രേഷ്മക്കെതിരെ സൈബർ ആക്രമണം നടത്തുന്നതിനെതിരെയും സതീദേവി വിമർശനം ഉന്നയച്ചു. ഇത് ശരിയല്ലെന്നാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രതികരണം. പ്രതിസ്ഥാനത്ത് സ്ത്രീകൾ വരുമ്പോൾ കുറ്റത്തിന് അതീതമായി മറ്റ് രീതിയിൽ കാണുന്നത് ശരിയല്ല. അത് അംഗീകരിക്കാനാകില്ല. വ്യക്തിപരമായി സ്ത്രീക്കെതിരെ അധിക്ഷേപം നടത്താൻ പാടില്ലെന്നും ഇക്കാര്യത്തെ സംബന്ധിച്ച് രേഷ്മ പരാതി നൽകിയിട്ടുണ്ടെന്നും സതീദേവി കൂട്ടിച്ചേർത്തു.

