കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവില്‍ തീരുമാനം ജൂലായ്ക്ക് മുമ്പുണ്ടാകുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. ആറ് രൂപ മുപ്പത്തിയഞ്ച് പൈസയാണ് ഒരു യൂണിറ്റിന് നിലവിലെ നിരക്ക്. മഹാരാഷ്ട്ര പോലെയുള്ള മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് ന്യായമായ നിരക്കാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കെഎസ്ഇബി നല്‍കിയ താരിഫ് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന്‍ നടത്തുന്ന ഏറ്റവും ഒടുവിലത്തെ പൊതു തെളിവെടുപ്പ് ഇന്ന് കൊച്ചിയില്‍ ഉച്ചയോടെ അവസാനിച്ചു. മുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് തെളിവെടുപ്പുകള്‍ നടന്നിരുന്നു.
നിലവില്‍ യൂണിറ്റിന് 95പൈസയുടെ വര്‍ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ ഇപ്പോള്‍ അന്തിമ അഭിപ്രായം പറയാന്‍ കഴിയില്ലെന്നും കമ്മീഷന്‍ അറിയിച്ചു. കെഎസ്ഇബിയുടെ വരവ് ചെലവ് കണക്കും പലിശയുള്‍പ്പെടെയുള്ള ചെലവും കണക്കിലെടുത്ത് മാത്രമാകും അന്തിമ തീരുമാനമെടുക്കുക. ജനങ്ങളുടെ അഭിപ്രായത്തിനും പരിഗണന നല്‍കുമെന്നും വ്യക്തമാക്കി.

