സർക്കാർ എന്തിനാണ് ഭയക്കുന്നത്; ചോദ്യവുമായി വി ഡി സതീശൻ

തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിനുള്ള പാനലിൽ നിന്നും ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കളികളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടുത്ത രാഷ്ട്രീയ സമ്മർദത്തെ തുടർന്നുള്ള നടപടിയാണിത്. സർക്കാർ എന്തിനാണ് ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ചീഫ് സെക്രട്ടറിയാണ് ജോസഫ് സി. മാത്യുവിനെ സംവാദത്തിന് ക്ഷണിച്ചത്. പങ്കെടുക്കാമെന്ന് ജോസഫ് സി. മാത്യു സമ്മതിക്കുകയും ചെയ്തു. കെ റെയിൽ കോർപ്പറേഷന്റെ ഇടപെടലിനെ തുടർന്നുള്ള ഒഴിവാക്കൽ ദുരൂഹമാണ്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ. റെയിൽ എംഡിയുടെ സ്ഥാനമെന്നും അദ്ദേഹം ചോദിക്കുന്നു.

പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സിൽവർ ലൈൻ പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ഉറച്ച നിലപാടുള്ളയാളാണ് ജോസഫ്. വിമർശനങ്ങളോടുളള അസഹിഷ്ണുത മുഖമുദ്രയാക്കിയ സർക്കാരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട. ശാസ്ത്ര സാഹിത്യ പരിഷത്തും ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന സാംസ്‌കാരിക – സാഹിത്യ പ്രവർത്തകരും ഉന്നത സി.പി.ഐ നേതാക്കളുടെ മക്കളും പദ്ധതിയോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചപ്പോഴും സർക്കാരിന് അസഹിഷ്ണുതയായിരുന്നു. ഈ ഇടുങ്ങിയ ചിന്താഗതി ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇടതല്ല, ഇവർ തീവ്ര വലതുപക്ഷ സർക്കാരാണെന്നും അദ്ദേഹം വിമർശിക്കുന്നു.