ന്യൂഡൽഹി: ഡൽഹിയിലെ ജി 20 ഉച്ചകോടിയുടെ അനുബന്ധ പരിപാടികൾക്ക് കേരളം വേദിയാകും. ആഗോളരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി 20 ഉച്ചക്കോടി ഇന്ത്യയിൽ നടക്കുന്നതിന്റെ ഭാഗമായി 160 പരിപാടികൾ ആണ് നടപ്പിലാക്കാൻ പദ്ധതിയിടുന്നത്. ഇതിൽ നാലെണ്ണത്തിന് കേരളം വേദിയാകാനാണ് സാധ്യത. കൊച്ചിയായിരിക്കും പരിപാടികൾക്ക് വേദിയാവുക. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി സ്ഥിതി വിലയിരുത്തിയിരുന്നു.
ജി 20 ഉച്ചക്കോടിയുടെ അനുബന്ധ പരിപാടികൾ രാജ്യത്തുടനീളം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകിയിരുന്നു. 2023 ജനുവരി മുതൽ ഒക്ടോബർ വരെ ഉള്ള സമയത്താണ് വിവിധ സംസ്ഥാനങ്ങളിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുക. ഡൽഹിയാണ് ഇത്തവണ ജി 20 ഉച്ചക്കോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ ജി 20 ഉച്ചക്കോടിക്കായി പ്രത്യേക വേദി സജ്ജമാക്കാൻ കേന്ദ്രസർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം കൂടി പരിഗണിച്ചാണ് ഈ വർഷം തന്നെ ജി 20 ഉച്ചക്കോടി ഇന്ത്യയ്ക്ക് ആതിഥ്യം വഹിക്കുന്നത്. സാമ്പത്തിക ശക്തികളായ 19 ലോകരാഷ്ട്രങ്ങളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അടങ്ങിയതാണ് ജി20 കൂട്ടായ്മ.

