ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ ആവർത്തിച്ച വിഷയത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചോദ്യം ആവർത്തിച്ചത് കഴിവുകേടാണെന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം ഉയർന്നതാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ രംഗം തകർച്ചയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂർ, കേരളാ സർവകലാശാലകളിലെ ചോദ്യപേപ്പർ തയാറാക്കുന്നതിലെ വീഴ്ച്ചയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളിലുള്ള ചോദ്യങ്ങൾ തന്നെ അതേപടി ഈ വർഷവും ചോദ്യപേപ്പറുകളിൽ ഉപയോഗിച്ചത് പുറത്ത് വന്നതോടെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ ഗവർണർക്ക് നിവേദനം നൽകിയത്. കണ്ണൂർ സർവ്വകലാശാല സൈക്കോളജി മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ മുൻ വർഷത്തെ ചോദ്യങ്ങൾ തന്നെ ഈ വർഷവും നൽകിയിരുന്നു. ഈ കാരണത്താൽ കേരള സർവകലാശാല ബിഎ ഇംഗ്ലീഷ് അവസാന സെമസ്റ്റർ പരീക്ഷയുടെ ഏപ്രിൽ ആറിന് നടത്തിയ പരീക്ഷ റദ്ദാക്കി കഴിഞ്ഞ ദിവസം വീണ്ടും നടത്തി. രണ്ട് സർവകലാശാലകളിലും മുൻ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചതായി സർവകലാശാലയ്ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

