‘വസ്ത്രം മാറും പോലെ മുന്നണി മാറുന്ന രീതി ലീഗിനില്ല’; സിപിഎമ്മിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: യുഡിഎഫിന്റെ നട്ടെല്ലാണ് മുസ്ലീം ലീഗെന്നും വസ്ത്രം മാറും പോലെ മുന്നണി മാറുന്ന രീതി ലീഗിനില്ലെന്നും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. മുന്നണി മാറാന്‍ ക്ഷണിച്ച സിപിഎമ്മിനെതിരെ ഒടുവില്‍ ശക്തമായ പ്രതികരണവുമായെത്തുകയായിരുന്നു അദ്ദേഹം. യുഡിഎഫില്‍ നിന്നും ആരെങ്കിലും അസംതൃപ്തരായി വിട്ട് പോകുമെന്ന വാദത്തിന് അര്‍ത്ഥമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറത്ത് നടന്ന ലീഗ് നേതൃയോഗത്തിന് മുന്നോടിയായാണ് പികെ കുഞ്ഞാലിക്കുട്ടി, ഇപി ജയരാജന്റെ ക്ഷണത്തോടുള്ള മൃദുസമീപനം മാറ്റി ശക്തമായ നിലപാട് സ്വീകരിച്ചത്.

അതേസമയം, ലീഗിനെ ക്ഷണിച്ച ഇപി ജയരാജന്റെ നിലപാട് സിപിഎം തിരുത്തിയതിന് പിന്നാലെ മുങ്ങുന്ന കപ്പലില്‍ നിന്ന് രക്ഷപ്പെടാന്‍ ലീഗിനെ ഉപദേശിച്ച് എം വി ജയരാജനും രംഗത്തെത്തി. എന്നാല്‍, ലീഗിനെ എല്‍ഡിഎഫിലെടുക്കുമോ എന്ന് വ്യക്തമാക്കാനദ്ദേഹം തയ്യാറായില്ല. ജയരാജന്റെ പ്രസ്താവനയോട് ലീഗ് നേതാക്കള്‍ വിവിധ രീതിയില്‍ പ്രതികരിച്ചത് ആശയക്കുഴമുണ്ടാക്കിയതായി ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

റംസാന്‍ കാലത്തെ ഫണ്ട് പിരിവ് ശക്തമാക്കാന്‍ ഉള്ള വഴികളും യോഗം ചര്‍ച്ച ചെയ്തു. സാധാരണ ലഭിക്കാറുള്ള വാര്‍ഷിക ഫണ്ടിന്റെ പകുതി പോലും ഇത്തവണ പിരിച്ചെടുക്കാനായിട്ടില്ല.