തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തെ മുന്നോട്ട് നയിക്കുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുകള്‍ സമര്‍പ്പിച്ച കരടു നിര്‍ദ്ദേശങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി. പരീക്ഷാ രീതികളിലും സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടെ മാറ്റം വരും.
സര്‍വകലാശാല പരീക്ഷകള്‍, ഭരണനിര്‍വഹണം വിദ്യാര്‍ത്ഥി പോര്‍ട്ടല്‍ തുടങ്ങിയവ ഏകീകരിച്ചുള്ള പ്രവര്‍ത്തന സംവിധാനം ഒരുക്കുന്നതോടെ പരീക്ഷകള്‍, ഫലം, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ വേഗത്തിലാകും. ഇന്റേണല്‍ അസസ്‌മെന്റിന്റെയും പരീക്ഷകളുടെയും മാര്‍ക്ക് ആനുപാതികമായി വര്‍ധിപ്പിക്കും. ഓരോ കോഴ്‌സിന്റെയും ആദ്യരണ്ട് സെമസ്റ്ററുകളുടെയും പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും കോളേജുകളുടെ ചുമതലയാക്കും. എല്ലാ പരീക്ഷകളും ക്രെഡിറ്റ് അനുസരിച്ചാകും. ഓരോ പേപ്പറിന്റെയും സ്വഭാവത്തിനനുസരിച്ചുള്ള ഇന്റേണല്‍ അസസ്‌മെന്റ് വരും.
അതേസമയം, പരീക്ഷക്ക് കൂളിംഗ് സമയം അനുവദിക്കുകയും, മോഡറേഷന്‍ ഗ്രേസ് മാര്‍ക്ക് എന്നിവയുടെ രീതികള്‍ മാറുകയും ചെയ്യും. പരീക്ഷക്കും പ്രവേശനത്തിനും അധികമാര്‍ക്ക് കിട്ടുന്ന സംവിധാനം ഇനി ഉണ്ടാവില്ല. പുനര്‍മൂല്യനിര്‍ണയ നടപടികള്‍ ഓണ്‍ലൈനാക്കും. അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക ശേഷം കൈക്കൊള്ളും.

