തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ സംസ്‌കാരം നാളെ. വൈകീട്ട് നാല് മണിക്ക് ഇളംകുളം സുറോന ചര്‍ച്ചില്‍ വച്ചാണ് നടക്കുക. രാവിലെ 8 മണി മുതല്‍ 11 മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു ശേഷം ചാവറയിലും പൊതുദര്‍ശനം ഉണ്ടാകും. മൃതദേഹം നാളെ ഉച്ചയോടെ മരടിലെ വീട്ടിലേക്ക് മാറ്റും.
ദീര്‍ഘകാലമായി ജോണ്‍ പോള്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാനാവുന്ന തിരക്കഥകള്‍ നല്‍കിയ എഴുത്തുകാരനാണ് അദ്ദേഹം.
അഭിജാതമായ സംസ്‌കൃതിയെ പേറുന്ന കലാകാരന്‍, വിനായന്വിതനായ മനുഷ്യന്‍, 98 ഓളം ചലച്ചിത്രങ്ങള്‍ക്കായി തിരരൂപം രചിച്ച കഥാകാരന്‍, ടെലിവിഷന്‍ അവതാരകന്‍, മാധ്യമ പ്രവര്‍ത്തകന്‍, ചലച്ചിത്ര അധ്യാപകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ചലച്ചിത്ര നിര്‍മാതാവ് എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെ. ഇദ്ദേഹത്തെ തേടി ഒട്ടേറെ പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്.

