ശ്രീനഗര്‍: ജമ്മുവിലെ ഛദ്ദ സൈനിക ക്യാമ്പിനടുത്ത് സിഐഎസ്എഫ് സൈനികര്‍ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ സൈനികന് വീരമൃത്യു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 4.25നാണ് സംഭവം.
രാവിലത്തെ ഷിഫ്റ്റില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ബസില്‍ യാത്രചെയ്യവെയാണ് 15ഓളം സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ഭീകരര്‍ വെടിവച്ചെങ്കിലും സൈനികര്‍ ശക്തമായി തിരിച്ചടിക്കുകയും ഭീകരര്‍ സ്ഥലത്തുനിന്നും ഓടിപ്പോവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
അതേസമയം, ജമ്മുവിലെ സഞ്ജ്വാനില് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാംബ ജില്ലയിലെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇവിടെ നേരത്തേ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിആര്‍പിഎഫും പോലീസ് സ്പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് ഇവിടെ ഏറ്റുമുട്ടലുണ്ടായത്.

