ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്നതിന് പിന്നിൽ പുതിയ വകഭേദങ്ങളാകാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഗവേഷകർ അറിയിച്ചു. ഒമിക്രോണിന് ആകെ 8 വകഭേദങ്ങളുണ്ട്, അതിൽ ഒന്ന് പ്രൈം ആണ്. ഐഎൽബിഎസിൽ വിവിധ സാമ്പിളുകൾ പരിശോധിച്ച് വരികയാണെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.
ഡൽഹിയിലെ പെട്ടെന്നുള്ള കൊവിഡ് കുതിച്ചുചാട്ടത്തിന് ഉത്തരവാദിയായ വേരിയന്റ് BA.2.12.1 ആണ്. കൗമാരക്കാർ വഴി വകഭേദങ്ങൾ പടരാൻ സാധ്യതയുണ്ട്. പൂർണമായി കുത്തിവയ്പ് എടുക്കാത്തതിനാൽ കുട്ടികളിൽ അപകടസാധ്യത കൂടുതലാണെന്നും പൊതു ഇടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ കോവിഡ് വ്യാപനം വർധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരത്തിലധികം കോവിഡ് കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്.
ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കേസുകൾ വർധിക്കുന്നത് നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐസിഎംആർ മുൻ ചീഫ് സയന്റിസ്റ്റ് ഡോക്ടർ ആർ ഗംഗാഖേദ്കർ വ്യക്തമാക്കിയിരുന്നു. ഒമിക്രോണിന്റെ ഉപവിഭാഗങ്ങൾ ഇന്ത്യയിലുണ്ട്. എന്നാൽ പുതിയ വകഭേദങ്ങളൊന്നും ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

