വഖഫ് ബോർഡ് നിയമന വിവാദം; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്ന് എൻ ഷംസുദ്ദീൻ

കോഴിക്കോട്: വഖഫ് ബോർഡ് നിയമന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് എൻ ഷംസുദ്ദീൻ എംഎൽഎ. കഴിഞ്ഞ ദിവസം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന മതപണ്ഡിതന്മാരുടെ യോഗത്തിൽ വഖഫ് നിയമ ഭേദഗതിയുടെ നിയമ നിർമ്മാണ വേളയിൽ എതിർപ്പുകൾ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും, നിലവിലുള്ള ജീവനക്കാരുടെ പ്രശ്‌നം മാത്രമാണ് ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷംസുദ്ദീന്റെ പ്രതികരണം.

വഖഫ് നിയമ ഭേദഗതിയുടെ നിയമ നിർമ്മാണ വേളയിൽ എതിർപ്പുകൾ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും, നിലവിലുള്ള ജീവനക്കാരുടെ പ്രശ്‌നം മാത്രമാണ് ഉന്നയിച്ചത് എന്നും ഉള്ള മുഖ്യമന്ത്രിയുടെ പരാമർശം പഴയ കള്ളത്തരങ്ങൾ മാസങ്ങൾക്കുശേഷം വീണ്ടും ആവർത്തിക്കുകയും, വിവാദ ബിൽ പിൻവലിക്കാൻ തയാറല്ലെന്നുമുള്ളതിന്റെ പ്രതിഫലനവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിയമസഭയിൽ ബില്ലിലെ വിവിധഘട്ടങ്ങളിൽ ലീഗ്- യുഡിഎഫ് അംഗങ്ങൾ വ്യക്തമായ എതിർപ്പുകൾ ബില്ലിനെതിരെ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും അത് മറച്ചുവച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രസ്താവനകൾ നിയമസഭയോടുള്ള അവഹേളനമാണ്. ഒന്നുകിൽ മുഖ്യമന്ത്രി നടപടിക്രമങ്ങൾ പരിശോധിക്കാതെ പറയുന്നു അല്ലെങ്കിൽ കാര്യങ്ങൾ അറിഞ്ഞിട്ടും പച്ചക്കള്ളം ആവർത്തിക്കുന്നു.

ബില്ലിന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത് താനാണ് ബിൽ ഭരണഘടനാവിരുദ്ധവും, കേന്ദ്ര വഖഫ് നിയമത്തിനെതിരും, മതന്യൂനപക്ഷ വിരുദ്ധവുമാണെന്നുമായിരുന്നു പ്രമേയത്തിലെ ഉള്ളടക്കം. തുടർന്ന് നടന്ന ചർച്ചകളിൽ ലീഗ്-യുഡിഎഫ് അംഗങ്ങളായ കെപിഎ മജീദ്, പി ഉബൈദുള്ള, കെ ബാബു, പ്രതിപക്ഷനേതാവ് വിഡി സതീശൻ, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം എന്നിവരും ബില്ലിന്റെ മൂന്നാം വായനയുടെ ഘട്ടത്തിൽ പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടിയും ബില്ല് പാസാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതെല്ലാം കഴിഞ്ഞ ദിവസത്തെ യോഗത്തിൽ മുഖ്യമന്ത്രി വിഴുങ്ങിക്കളഞ്ഞു. നിയമസഭാ നടപടി ക്രമങ്ങളെ കുറിച്ച് വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ ആവർത്തിച്ചു നടത്തുന്നതിനാൽ അവകാശലംഘനത്തിന് നോട്ടീസ് നൽകും .ഇന്നലത്തെ മതപണ്ഡിതന്മാരുടെ യോഗത്തിലും മുഖ്യമന്ത്രി കാപട്യം തുടരുകയാണ് ആത്മാർത്ഥതയുണ്ടെങ്കിൽ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തന്നെ നിയമം റദ്ദാക്കാമായിരുന്നു. വേണമെങ്കിൽ ഓർഡിനൻസ് ആയും കൊണ്ടുവരാമായിരുന്നു .ഇക്കാര്യത്തിൽ ഒരു സ്വകാര്യ ബില്ലിന് താൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ,ആത്മാർത്ഥത ഉണ്ടെങ്കിൽ അത് സർക്കാരിന് നിയമം ആക്കാവുന്നതാണ് വേണ്ടതെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ യോഗത്തോടുകൂടി വ്യക്തമായ ഒരു തീരുമാനവും മുഖ്യമന്ത്രി പറയാത്ത സാഹചര്യത്തിൽ അഴകൊഴമ്പൻ നയം സ്വീകരിച്ച് മുസ്ലീം പണ്ഡിതന്മാരെയും നേതാക്കന്മാരെയും മുഖ്യമന്ത്രി വീണ്ടും പറ്റിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.