കെജിഎഫ്-2 കാണുന്നതിനിടെ തര്‍ക്കം; തിയേറ്ററില്‍ യുവാവിന്റെ വെടിവെപ്പ്‌

ബംഗളൂരു: കര്‍ണാടകയിലെ തിയേറ്ററില്‍ കെ.ജി.എഫ് ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തര്‍ക്കം മൂലമുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. ഹവേരി ജില്ലയിലാണ് സംഭവം. അക്രമിയുടെ വെടിയേറ്റ ഹവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരിനെ (27) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് വസന്തകുമാര്‍ സിനിമയ്ക്ക് എത്തിയത്. മുന്നിലെ സീറ്റിലേക്ക് ഇയാള്‍ കാല്‍ വച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. മുന്നിലിരുന്നയാള്‍ വസന്തകുമാറിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ശേഷം പുറത്തേയ്ക്ക് പോയ യുവാവ് തിരികെയെത്തിയത് കൈത്തോക്കുമായാണ്. ഇയാള്‍ വസന്തകുമാറിനുനേരെ വെടിവയ്ക്കുകയായിരുന്നു. മൂന്നുതവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ടുതവണയും വസന്തകുമാറിന് വെടിയേറ്റു.

അതേസമയം, വെടിയൊച്ച കേട്ടതിനു പിന്നാലെ തിയേറ്ററിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി. പോലീസ് സ്ഥലത്തെത്തുകയും വയറ്റില്‍ പരിക്കേറ്റ വസന്തകുമാറിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇയാള്‍ അപകടനില തരണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാനായി രണ്ടു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായി ഹവേരി എസ്.പി ഹനുമന്തരായ വ്യക്തമാക്കി.