ന്യൂഡല്‍ഹി: ‘ഫാമിലി മെഡിസിനില്‍’ ബിരുദാനന്തരബിരുദ മെഡിക്കല്‍ കോഴ്സുകള്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രം. കുടുംബഡോക്ടര് എന്ന ആശയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
റായ്പുര്‍, ഋഷികേശ്, ജോധ്പുര്‍, പട്ന, ഭുവനേശ്വര്‍, ഭോപാല്‍ എന്നിവിടങ്ങളിലെ എയിംസുകളിലാകും ആദ്യഘട്ടത്തില്‍ കോഴ്സുകള്‍ ആരംഭിക്കുന്നത്. അതിന് ശേഷം രാജ്യത്തെ മറ്റു മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ജീവിതജന്യരോഗങ്ങളില് നിന്ന് ആളുകളെ മുക്തമാക്കുകയെന്നതാണ് കോഴ്സിന്റെ പ്രധാന ലക്ഷ്യം. ജനറല്‍ മെഡിസിന്, ബെയ്സിക് സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്സ് തുടങ്ങിയ വിഷയങ്ങളാകും പാഠ്യപദ്ധതിയില്‍ പ്രധാനം. മെഡിക്കല്‍ വിദ്യാര്‍ഥികളെ കൂടുതല്‍ സഹാനുഭൂതിയുള്ള ‘ സമ്പൂര്ണഡോക്ടര്’ ആയി വളര്‍ത്തിയെടുക്കാന്‍ കോഴ്സ് സഹായിക്കുമെന്നും, സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ ജോലിഭാരം കുറയുമെന്നും് മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം, ഓരോ എം.ബി.ബി.എസ്. വിദ്യാര്‍ഥിയും പഠനകാലയളവില്‍ അഞ്ചുകുടുംബങ്ങളെ ദത്തെടുക്കണമെന്ന കുടുംബദത്ത് പദ്ധതി അഥവാ ഫാമിലി അഡോപ്ഷന്‍ പ്രോഗ്രാമിന്റെ കരട് എന്‍.എം.സി. ഫെബ്രുവരിയില്‍ തയ്യാറാക്കിയിരുന്നു.

