ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം മയങ്ങുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. ഉച്ച ഉറക്കം അത്ര നല്ലതല്ലെന്ന് ചിലർ പറയാറുണ്ട്. എന്നാൽ, ഉച്ചമയക്കം ആരോഗ്യത്തിന് നല്ലതാണെന്നാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ അവകാശപ്പെടുന്നത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള വിശ്രമം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്ന് റുജുത പറയുന്നു.
ഉറക്കം നിങ്ങളുടെ ശരീരത്തിന് വിശ്രമം നൽകുകയും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
ഇറിറ്റേറ്റഡ് ബവൽ സിൻഡ്രോം (ഐബിഎസ്), മലബന്ധം, മുഖക്കുരു, താരൻ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും ഉച്ചമയക്കം സഹായിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. നിങ്ങളുടെ ഹൃദയത്തിന് ഉച്ചയുറക്കം വളരെ അനിവാര്യമാണെന്നാണ് ബ്രിട്ടനിൽ നടന്ന പഠനത്തിൽ പറയുന്നത്.
ഉച്ചയ്ക്ക് ഉറങ്ങുന്നതിലൂടെ രക്തസമ്മർദ്ദം കുറയുമെന്ന് പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മധ്യവയസ്കരായ നാനൂറോളം പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഉച്ചയുറക്കം മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഓർമ്മശക്തി കൂട്ടാനും സഹായിക്കും. സ്ട്രെസ് ലെവൽ കുറയ്ക്കാനും ഉച്ചയുറക്കം നല്ലതാണ്.

