മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യത്തിന് മുന്നില്‍ അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ഡല്‍ഹിക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തും 37 റണ്‍സ് വീതമെടുത്ത പൃഥ്വി ഷായും ലളിത് യാദവും അവസാന ഓവറിലെ വെടിക്കെട്ടിലൂടെ അത്ഭുത ജയം സമ്മാനിക്കുമെന്ന് പ്രതീക്ഷ നല്‍കിയ റൊവ്മാന്‍ പവലും(35) മാത്രമെ ഡല്‍ഹിക്കായി പൊരുതിയുള്ളു. രാജസ്ഥാനു വേണ്ടി പ്രസിദ്ധ് കൃഷ്ണയും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ ഏഴ് കളികളില്‍ 10 പോയന്റുമായി രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ആറ് കളികളില്‍ 10 പോയന്റുള്ള ഗുജറാത്ത് രണ്ടാമതും ഏഴ് കളികളില്‍ 10 പോയന്റുള്ള ബാംഗ്ലൂര്‍ മൂന്നാമതുമാണ്. തോറ്റെങ്കിലും ഡല്‍ഹി ആറാം സ്ഥാനത്തു തുടരുന്നു. സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 222-2, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 207-8.

