എറണാകുളം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുളള എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട പുരുഷന്മാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സർക്കാർ /എയ്ഡഡ് കോളേജുകളിലെയും ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളിലെയും അധ്യാപകർക്കും വിരമിച്ച കോളേജ് അധ്യാപകർക്കും ബിരുദാനന്തര ബിരുദവും, ബി.എഡും ഉളളവർക്കും അപേക്ഷിക്കാം.
പ്രതിമാസ ഹോണറേറിയം 10,000 രൂപ. റസിഡന്റ് ട്യൂട്ടർ ഹോസ്റ്റലിൽ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ്. റസിഡന്റ് ട്യൂട്ടർമാർക്ക് വേണ്ട താമസ സൗകര്യം ഹോസ്റ്റലിൽ ഉണ്ടായിരിക്കും.
വെളള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, നിലവിൽ ജോലി ചെയ്യുന്നവരാണെങ്കിൽ സ്ഥാപന മേധാവിയുടെ ശുപാർശ എന്നിവ സഹിതം അപേക്ഷകൾ മെയ് മൂന്നിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (എറണാകുളം സിവിൽ സ്റ്റേഷൻ മൂന്നാം നില, ഫോൺ: 0484 – 2422256).

