ന്യൂഡൽഹി: ജഹാംഗീർപുരിയിലെ സംഘർഷവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ പങ്കുള്ളവരെന്ന് സംശയിക്കുന്നവരുടെ അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്താനുള്ള നടപടിയ്ക്ക് തടയിട്ട് സുപ്രീം കോടതി. വടക്കൻ ഡൽഹി കോർപ്പറേഷന്റെ നടപടിയെയാണ് സുപ്രീം കോടതി തടഞ്ഞത്.
സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടു ദിവസത്തെ പദ്ധതിയാണ് കോർപ്പറേഷൻ രൂപീകരിച്ചിരുന്നത്. ബുധനാഴ്ച്ച രാവിലെ ഇതിന്റെ നടപടികളും ആരംഭിച്ചിരുന്നു. പിന്നാലെയാണ് കോടതി നടപടികൾക്ക് തടയിട്ടത്. ഹനുമാൻ ജയന്തി ദിനത്തിൽ നടന്ന ഘോഷയാത്രയ്ക്ക് ചിലർ കല്ലേറ് നടത്തിയിരുന്നു. പിന്നാലെ പ്രദേശത്ത് സംഘർഷം ഉണ്ടാകുകയും ചെയ്തിരുന്നു.
അക്രമത്തിനു പിന്നിലുള്ളവർ പ്രദേശത്തെ സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണങ്ങൾ നടത്തിയിട്ടുണ്ടെന്നും അത് എത്രയും വേഗം പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി അദ്ധ്യക്ഷൻ ആദേശ് ഗുപ്തയാണ് രംഗത്തെത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മേയർക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കാൻ ഭരണകൂടം തീരുമാനിച്ചത്. ആക്രമണവുമായി ബന്ധമുള്ളവർ ഇവിടെ വലിയ തോതിലുള്ള കയ്യേറ്റം നടത്തി കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. അതിനാൽ അവ കണ്ടെത്തി എത്രയും വേഗം അവയ്ക്ക് മുകളിലൂടെ ബുൾഡോസർ കയറ്റി പൊളിച്ചുമാറ്റണമെന്നും ആദേശ് ഗുപ്ത കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ നടപടികൾ നിർത്തിവയ്ക്കാനും തൽസ്ഥിതി തുടരാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

