ലഖ്നൗ: ഉത്തർ പ്രദേശിലെ ക്രമസമാധാനനില അവലോകനം ചെയ്യാൻ യോഗം വിളിച്ച് ചേർത്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹി ജാഹാംഗിർപുരി മേഖലയിലെ സംഘർഷങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹം യോഗം ചേർന്നത്. യോഗത്തിന് ശേഷം സംസ്ഥാനത്തെ ക്രമസാമാധാന നില ഉറപ്പാക്കാൻ നിർണായക മാർഗനിർദേശങ്ങൾ അടങ്ങിയ ഉത്തരവും സർക്കാർ പുറപ്പെടുവിച്ചു. റംസാനും അക്ഷയതൃതീയയും അടുത്തമാസം ഒരേദിവസം വന്നേക്കാവുന്ന പശ്ചാത്തലത്തിലാണ് മാർനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.
മുൻകൂട്ടി അനുമതി വാങ്ങാത്ത പക്ഷം മതഘോഷയാത്രകൾ അനുവദിക്കില്ലെന്ന് സർക്കാർ പുറപ്പെടുവിച്ച മാർഗനിർദ്ദേശത്തിൽ പറയുന്നു. അനുമതി ലഭിക്കുന്നതിന് മുന്നോടിയായി, സമാധാനം ഐക്യവും പാലിക്കുമെന്ന സത്യവാങ്മൂലം സംഘാടകർ എല്ലാവരും നൽകണം. പരമ്പരാഗതമായ മതഘോഷയാത്രകൾക്ക് മാത്രമേ അനുമതി നൽകുകയുള്ളൂ. പുതിയ പരിപാടികൾക്ക് അനുമതി നൽകില്ലെന്നും യോഗ്തതിന് ശേഷം യോഗി ആദിത്യനാഥ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പുതിയ സ്ഥലങ്ങളിൽ പുതുതായി മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകില്ല. നിലവിൽ മൈക്കുകൾ ഉപയോഗിക്കുന്നിടങ്ങളിൽ അത് തുടരാം. പക്ഷെ അതിന്റെ ശബ്ദം മറ്റാർക്കും ശല്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. മതപരമായ ആഘോഷങ്ങൾ, അതിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ നടത്താവൂ. റോഡുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കാനും പാടില്ലെന്നും നിർദ്ദേശമുണ്ട്. അതേസമയം, സംസ്ഥാനത്തെ എല്ലാ പോലീസ്-അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെയും മേയ് നാലു വരെയുള്ള അവധികൾ റദ്ദാക്കിയിട്ടുണ്ട്. അവധിയിലുള്ളവർ 24 മണിക്കൂറിനുള്ളിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാണ് ഉത്തരവ്.

