തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണത്തിന് ശേഷമാണ് സിൽവർലൈനിൽ കേന്ദ്ര സർക്കാർ ഉടക്ക് ന്യായം പറയുന്നതെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിൽ വികസന പദ്ധതികളെ വർഗ്ഗീയ സംഘടനകൾ എതിർക്കുകയാണെന്നും അവരോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം അറിയിച്ചു, സിൽവർ പദ്ധതിക്കായുള്ള ഇടതുമുന്നിയുടെ വിശദീകരണ യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തർദേശീയ തലത്തിൽ വരെ കേരളാ മോഡൽ പഠനമാക്കുന്നുണ്ട്. മാതൃകാപരമാണ് കേരളാ മോഡൽ വികസനം. കിഫ്ബി വഴി 50000 കോടിയുടെ വികസനം എന്ന് പറഞ്ഞിരുന്നു. എന്നാൽ 60000 കോടിയുടെ വികസനം നടപ്പായി. ദേശീയപാതകളുടെ അവസ്ഥ മോശമായിരുന്നതായും ഇതിലെ പ്രശ്നം കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം നാടിനെ പത്തൊൻപതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അവർ ഇപ്പോൾ തിരുത്തിയില്ലെങ്കിൽ ജനം അവരെ തിരുത്തും. കേരളത്തിലെ വലതുപക്ഷത്തിന് വികസന വിരുദ്ധ നിലപാടെടുത്ത പാരമ്പര്യമാണുളളത്. എല്ലാ വികസന പദ്ധതികളെയും എതിർക്കുന്ന ചില സംഘടനകളുണ്ട്. ഇവർ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നു. ഒരു വർഗീയ ശക്തിയോടും സന്ധിയില്ലെന്നും ഇത്തരം ശ്രമങ്ങളെ സർക്കാർ അടിച്ചമർത്തുമെന്നും അദ്ദേഹം വിശദമാക്കി.
ജനങ്ങളോട് കാര്യം പറഞ്ഞാൽ മനസിലാകും. ആരുടെയും വാശിക്കുമുന്നിൽ നോക്കി നിൽക്കാൻ സർക്കാരിനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിശദീകരണ യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

