ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കാം; അനുമതി നൽകി യുജിസി

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കാൻ അനുമതി നൽകി യുജിസി. ജോയിന്റ് ഡിഗ്രി, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾക്ക് ഉൾപ്പടെയാണ് അനുമതി നൽകിയത്. നാക് ഗ്രേഡ് 3.01 ന് മുകളിലുള്ള സ്ഥാപനങ്ങൾക്ക് ഇനി മുതൽ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കാമെന്ന് യുജിസി അറിയിച്ചു.

ഇന്ത്യയിലെ 900 സ്വയംഭരണ കോളജുകൾക്ക് ജൂലൈ മാസം സ്വന്തമായി ഓൺലൈൻ കോഴ്സുകൾ ആരംഭിക്കാനും യു.ജി.സി അനുമതി നൽകും. ഓൺലൈൻ വിദ്യാഭ്യാസം വിപുലപ്പെടുത്തി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കുന്നതിന്റെ തുടർച്ചയായാണ് പുതിയ നടപടി സ്വീകരിക്കുക. മാർക്ക്, ഹാജർ, സിലബസ് തുടങ്ങിയവയിൽ ഇളവും നൽകും. ഓഫ്ലൈൻ കോഴ്സുകളുടേതിന് തുല്ല്യമായ അംഗീകാരവും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

സാങ്കേതികേതരവും ലാബ് സൗകര്യം ആവശ്യമില്ലാത്തതുമായ എല്ലാ വിഷയങ്ങളും ഓൺലൈനിലും ലഭ്യമാക്കാം. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങി ഓഫ്ലൈനിൽ ലഭ്യമല്ലാത്ത വിഷയങ്ങളും പഠിപ്പിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗിൽ കുറഞ്ഞത് രണ്ടുതവണ ആദ്യ 100ൽ ഇടം പിടിച്ച സ്വയംഭരണ കോളജുകൾക്ക് യു.ജി.സിയുടെ മുൻകൂർ അനുമതിയില്ലാതെ തന്നെ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കാനും അനുമതി നൽകിയിട്ടുണ്ട്.