കെ റെയിൽ പദ്ധതി പ്രായോഗികമല്ല; മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കൂടിക്കാഴ്ചക്ക് സമയമനുവദിച്ചില്ലെന്ന് അലോക് വർമ്മ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയ റിട്ടയർഡ് റെയിൽവേ ചീഫ് എഞ്ചിനിയർ അലോക് വർമ്മ. പദ്ധതി പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കൂടിക്കാഴ്ചക്ക് സമയമനുവദിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്ക് പകരം സർക്കാരിന്റെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥരും സമയമനുവദിച്ചില്ലെനനും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരാനാമ് തീരുമാനമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

കെ റെയിലിൽ വിശദീകരണ യോഗത്തിലടക്കം സജീവമായി മുഖ്യമന്ത്രി തലസ്ഥാനത്തുണ്ടായിരുന്നു. ഇ മെയിലായും ഔദ്യോഗിക സംവിധാനങ്ങൾ വഴിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു. തിരുവനന്തപുരത്തെത്തി നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചീഫ് സെക്രട്ടറിയെയോ ഉന്നത ഉദ്യോഗസ്ഥരെയോ കാണാനും ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയിൽ പദ്ധതിയുടെ പ്രായോഗികത പഠിക്കാനുള്ള സംഘത്തിലെ പ്രധാനയാളായിരുന്നു അലോക് വർമ്മ. പദ്ധതി ആവശ്യമാണെന്നും പക്ഷേ നിലവിലെ രീതിയിൽ പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ഉന്നത ഉദ്യോഗസ്ഥർ ആരെയെങ്കിലും കാണാനവസരമുണ്ടാക്കുമെന്നു ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചിരുന്നു. പക്ഷെ ആ കാര്യവും നടപ്പായില്ല. എന്നാൽ കെ റെയിൽ ഉദ്യോഗസ്ഥരെ പിന്നീട് കാണാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ച. ഭരണനേതൃത്വത്തിനോടല്ലാതെ, കെ റെയിൽ ഉദ്യോഗസ്ഥരെ കണ്ട് വിവരങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ ഇനി നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരെ കണ്ട് പദ്ധതിയുടെ അപ്രായോഗികത ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.