ലഖിംപൂർ ഖേരി കർഷക കൊലപാതക കേസ്; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: ലഖിംപൂർ ഖേരി കർഷക കൊലപാതക കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഒരാഴ്ചയ്ക്കകം ആശിഷ് കീഴടങ്ങണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഫെബ്രുവരി 10 ന് അലഹബാദ് ഹൈക്കോടതിയാണ് ആശിഷിന് ജാമ്യം അനുവദിച്ചത്. ഇത് ചോദ്യം ചെയ്ത് കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾ അപ്പീൽ നൽകിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയുടെ നടപടി.

ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ച് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ലഖിംപൂർ ഖേരിയിൽ ഒക്ടോബർ മൂന്നിനാണ് നാല് കർഷകരുൾപ്പടെ എട്ട് പേർ കർഷക സമരത്തിനിടെ കൊല്ലപ്പെട്ടത്.

ഒരു മാദ്ധ്യമപ്രവർത്തകൻ, രണ്ട് ബി ജെ പി പ്രവർത്തകർ, വാഹനത്തിന്റെ ഡ്രൈവർ എന്നിവരും കൊല്ലപ്പെട്ടിരുന്നു. ഉത്തർപ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂർ ഖേരി സന്ദർശനത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായത്.