ഇനി ഡബിള്‍ ലൈക്കടിക്കാം; പുത്തന്‍ ഓപ്ഷനുമായി നെറ്റ്ഫ്‌ളിക്‌സ്‌

വാഷിങ്ടണ്‍: നിലവിലെ ലൈക്ക് ബട്ടണ്‍ ഒപ്ഷന് പുറമേ, പുതിയ ഡബിള്‍ ലൈക്ക് ബട്ടണ്‍ ഒപ്ഷനുമായി നെറ്റ്ഫ്‌ളിക്‌സ് രംഗത്ത്. ഉപയോക്താക്കള്‍ സിനിമകളും, സീരീസുകളും എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് രേഖപ്പെടുത്താനാണ് പുതിയ സംവിധാനം. ഇതോടെ ഇനിമുതല്‍ റേറ്റിങ് രേഖപ്പെടുത്താന്‍ ഡിസ്ലൈക്ക് ബട്ടണ്‍ ഉള്‍പ്പടെ മുന്ന് സൗകര്യങ്ങള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഉണ്ടാകും. ആളുകളുടെ ആസ്വാദനം വ്യത്യസ്ത രീതിയിലാണ് എന്നതാണ് പുതിയ ഒപ്ഷന്‍ അവതരിപ്പിക്കാന്‍ നെറ്റ്ഫ്‌ളിക്‌സിനെ പ്രേരിപ്പിച്ചത്. സിനിമകളും, സീരീസുകളും എത്രമാത്രം ഇഷ്ടമായി എന്നത് ഇതിലൂടെ പ്രകടിപ്പിക്കാം.

ആവറേജ് മികവ് പുലര്‍ത്തുന്നവയ്ക്കും, വളരെ മികച്ചതെന്ന് തോന്നുന്നവയ്ക്കുമെല്ലാം ലൈക്ക് ബട്ടണ്‍ ഒപ്ഷനാണ് നേരത്തെ പ്രേക്ഷകര്‍ നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ സിനിമ എത്രമാത്രം പ്രക്ഷകന് ഇഷ്ടമായി എന്നത് തിരിച്ചറിയുക അസാധ്യമായിരുന്നു. അവറേജ് നിലവാരമുള്ള ചലച്ചിത്രങ്ങള്‍ക്ക് ലൈക്ക് ഒപ്ഷനും വളരെയധികം ആസ്വദിച്ച ചിത്രങ്ങള്‍ക്ക് ഇനി മുതല്‍ ഡബിള്‍ ബട്ടണ്‍ ഒപ്ഷനും ഉപയോഗിക്കാവുന്നതാണ്. ഇത് ചിത്രത്തെ പ്രേക്ഷകര്‍ എങ്ങനെ വിലയിരുത്തുന്നു എന്നത് കൃത്യമായി മനസിലാക്കാനും സഹായകരമാകും. ഫീഡ്ബാക്കുകള്‍ കൃത്യമായി മനസിലാക്കാനും, സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീച്ചറിലൂടെ സാധിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് ഇന്‍വേഷന്‍ ഫോര്‍ പേഴ്‌സണലൈസേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റിന്‍ ഡഗ്-കാര്‍ഡെറ്റ് അറിയിച്ചു.