‘തമിഴ്‌നാടിന്റെ സത്യാവസ്ഥയും കാണിക്കും’; ഡല്‍ഹി ഫയല്‍സിനെ കുറിച്ച് വിവേക് അഗ്നിഹോത്രി

ന്യൂഡല്‍ഹി: കശ്മീര്‍ ഫയല്‍സിന് ശേഷം പുതിയ ചിത്രത്തിന്റെ വിവരം കഴിഞ്ഞ ദിവസമാണ് വിവേക് അഗ്‌നിഹോത്രി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുന്നത്. ഇപ്പോഴിതായ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവിധായകന്‍. 1984ലെ സിഖ് കലാപമാണ് ഡല്‍ഹി ഫയല്‍സിന്റെ ഇതിവൃത്തം.

‘തമിഴ് ജനങ്ങളുടെ സത്യാവസ്ഥയും ചിത്രത്തില്‍ കാണിക്കും. ഡല്‍ഹിയെ കുറിച്ച് മാത്രമല്ല ചിത്രത്തില്‍ പറയുന്നത്. ഡല്‍ഹി ഫയല്‍സ് തമിഴ്‌നാടിനെ കുറിച്ചും ഒരുപാട് സത്യങ്ങള്‍ പറയും. അവര്‍ (കോണ്‍ഗ്രസ്) അത് സൃഷ്ടിച്ചു, പിന്നെ അവര്‍ അത് നശിപ്പിച്ചു, പിന്നെ അവര്‍ ഒരുപാട് നിരപരാധികളെ കൊന്നു, അവര്‍ അത് മൂടിവച്ചു. നാളിതുവരെ നീതി ലഭിച്ചിട്ടില്ല, അതിലും മോശമായ മറ്റെന്തുണ്ട്. ഇത് ഡല്‍ഹിയെക്കുറിച്ചല്ല, ഇത്രയും വര്‍ഷമായി ഡല്‍ഹി എങ്ങനെയാണ് ‘ഭാരത’ത്തെ നശിപ്പിക്കുന്നതെന്നതിനെ കുറിച്ചാണ്’- വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

മാര്‍ച്ച് 11നായിരുന്നു കശ്മീര്‍ ഫയല്‍സ് റിലീസ് ചെയ്തത്. ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്തായിരുന്നു ചിത്രം പുറത്തിറങ്ങിയത്. വളരെ ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ബോക്‌സ് ഓഫീസില്‍ 330 കോടിയിലധികം രൂപയാണ് നേടാനായത്.