ഈ രോഗലക്ഷണങ്ങൾ പ്രകടിക്കുന്നവരാണോ; സൂക്ഷിക്കുക!

ജോലിഭാരവും ടെൻഷനും മൂലം സ്ത്രീകളിൽ ഭൂരിഭാഗം പേരും തങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാറില്ല. സ്ഥിരമായി തലവേദനയും, നടുവേദനയുമൊക്കെ അനുഭവപ്പെടാറുണ്ടെങ്കിലും പലരും ഇതൊന്നും കാര്യമാക്കില്ല. ചിലപ്പോൾ ഈ ലക്ഷണങ്ങൾ ഗുരുതര രോഗങ്ങളുടെ സൂചനകളാകാം. അതിനാൽ തന്നെ ഇവയെ നിസാരമായി തള്ളിക്കളയരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ചിലപ്പോൾ ശ്വാസതടസം ഉണ്ടാക്കുന്നത് ഹൃദയത്തിന് ആവശ്യമായ രക്തം കിട്ടാതെ വരുന്ന സാഹചര്യത്തിലാകാം. ഇത് ഹൃദയ സ്തംഭനത്തിലേക്കും നയിച്ചേക്കാൻ സാധ്യതയുണ്ട്. സ്ത്രീകളിലാണ് കൂടുതലായും വേദനയില്ലാത്ത ഹൃദയസ്തംഭനം ഉണ്ടാകാറുള്ളത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ശ്വാസതടസം, അമിത ക്ഷീണം, നെഞ്ച് വേദന എന്നിവയാണ്. അതിനാൽ ഈ ലക്ഷണങ്ങൾ ഉണ്ടായാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ നൽകുന്ന ഉപദേശം. അനീമിയ മൂലവും ശ്വാസതടസം ഉണ്ടാകാം.

നെഞ്ചുവേദന, ഹൃദയമിടിപ്പ് അസാധാരണമായി വർധിക്കുക, കൈകളിലോ തോളുകളിലോ താടിയെല്ലിലോ വേദന, ശ്വാസതടസ്സം എന്നിവ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളുടെ പ്രവർത്തങ്ങളിൽ പെട്ടെന്ന് തടസം നേരിടുന്നതാണ് ഇതിന് പ്രധാന കാരണം. ഈ പ്രശ്നം പുരുഷൻമാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.

ആർത്തവത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ അസാധാരണമായ തരത്തിൽ ഏതെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. ആർത്തവ സമയത്ത് പോകുന്ന രക്തത്തിന്റെ അളവ് കൂടുകയോ, വേദന അമിതമായി തോന്നുകയോ ചെയ്താൽ ശ്രദ്ധിക്കണം. പെട്ടെന്ന് കൈകാലുകളുടെയും മുഖത്തിന്റെയും ബലം നഷ്ടപ്പെടുന്നുവെന്ന് തോന്നുന്നത് സ്ട്രോക്കിന്റെ ലക്ഷണമാണ്. പെട്ടെന്നുള്ള ആശയക്കുഴപ്പം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, കാഴ്ചയ്ക്കുള്ള മങ്ങൽ, നടക്കാനുള്ള ബുദ്ധിമുട്ട് ഇവയെല്ലാം സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.