പാലക്കാട്ടെ കൊലപാതകങ്ങള്‍ ആസൂത്രിതം; പ്രതികളെ കുറിച്ച് വ്യക്തമായ സൂചനയെന്ന്‌ എഡിജിപി വിജയ് സാഖറെ

പാലക്കാട്: പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. രണ്ടു കേസുകളിലെയും പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

‘എ.സുബൈര്‍ (43) വധക്കേസിലെ പ്രതികള്‍ നിരീക്ഷണത്തിലാണ്. ഉടന്‍ പിടിയിലാകും. രണ്ട് കേസും അന്വേഷിക്കുന്നത് രണ്ട് പ്രത്യേക സംഘമാണ്. ഒരു തരത്തിലുമുള്ള വീഴ്ചകളും ഇല്ലാതെ അന്വേഷണം പൂര്‍ത്തിയാക്കും. വളരെ വേഗത്തില്‍ രണ്ട് കേസിലുമുള്ള പ്രതികളെ പിടികൂടാന്‍ കഴിയും. ശ്രീനിവാസന്‍ വധക്കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും വ്യക്തമായ ഗൂഢാലോചനയുണ്ട്’- അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരത്തിനു ശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്ന ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ ബൈക്കുകളിലായെത്തിയ ആറംഗ സംഘം ആക്രമിച്ചത്. ആക്രമണത്തിന് ഇവരെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.