പോസ്റ്റായി ബീസ്റ്റ്; കത്തിക്കയറി റോക്കിഭായ്‌

കെജിഎഫ് ചാപ്റ്റര്‍ 2 വിന്റെ ക്ലൈമാക്‌സില്‍ റോക്കി ഭായിയുടെ മൂന്നാം വരവിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ഇതിനിടെ കെജിഎഫ് 3 യുടെ ചില ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. മൂന്നാം ഭാഗത്തിന്റെ വാര്‍ത്തകള്‍ കൂടി എത്തിയതോടെ ആരാധക ആവേശം അണപൊട്ടുകയാണ്.

ഒന്നാം ഭാഗത്തിനേക്കാള്‍ മുകളില്‍ നില്‍ക്കുന്ന രണ്ടാം ഭാഗമാണ് നീല്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. റോക്കിക്ക് നിറഞ്ഞാടാനുള്ള മാസ് കൂട്ടാണ് കെജിഎഫ് ചാപ്റ്റര്‍ 2. ‘നിങ്ങള്‍ക്കൊരു ഉപദേശം തരാം, ഒരു കാലത്തും അയാളെ എതിര്‍ത്തുനില്‍ക്കരുത്’ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ട്രെയിലറിലെ ഈ വാചകം അക്ഷരാര്‍ഥത്തില്‍ ഒരു മുന്നറിയിപ്പായിരുന്നു. ആദ്യഭാഗത്തിന്റെ അവസാനം പറയുംപോലെ യഥാര്‍ഥ കഥ രണ്ടാം ഭാഗത്തിലാണ് ആരംഭിക്കുന്നത്.

അതേസമയം, ഏപ്രില്‍ 13 – ബീസ്റ്റ് കണ്ടിറങ്ങിയ ഫാന്‍സിനുള്‍പ്പെടെ പലര്‍ക്കും നിരാശ മാത്രമായിരുന്നു ഫലം. ട്രെയിലറില്‍ കണ്ട രോമാഞ്ചം നിമിഷങ്ങളൊന്നും തന്നെ തിയേറ്ററില്‍ നനഞ്ഞ പടക്കമായി മാറി. ഏപ്രില്‍ 14 – എല്ലാം മറന്ന് റോക്കിയെ മാത്രം ഓര്‍ത്ത് ടിക്കറ്റുമെടുത്ത് സിനിമ ഹാളിനുള്ളിലേക്ക് കയറിയവര്‍ക്ക് രോമാഞ്ചം. ആദ്യ ഭാഗത്തില്‍ റോക്കി ഒറു തീപ്പൊരിയായിരുന്നു. ആ തീപ്പൊരി രണ്ടാം ഭാഗമെത്തുമ്പോഴേക്കും തീയായി, കാട്ടുതീയായി കത്തിക്കയറി എതിരാളികളെയാകെ ചൂട്ടുവെണ്ണീറാക്കുന്ന കാഴ്ചയാണ് കാണാനാകുക.