ഐപിഎല്‍: ലക്‌നൗ ജയത്തോടെ രണ്ടാമത്; മുംബൈക്ക് തുടര്‍ച്ചയായ ആറാം തോല്‍വി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ചു. മുംബൈയുടെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്.

നായകന്‍ കെ.എല്‍. രാഹുലിന്റെ (103 നോട്ടൗട്ട്) മൂന്നാം ഐ.പി.എല്‍ സെഞ്ച്വറിയുടെ കരുത്തില്‍ 20 ഓവറില്‍ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലഖ്‌നോ 199 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. ആറുമത്സരങ്ങളില്‍ നിന്ന് എട്ടുപോയിന്റുമായി ലഖ്‌നോ രണ്ടാം സ്ഥാനത്തെത്തി. പോയിന്റ് ഒന്നുമില്ലാതെ മുംബൈ അവസാന സ്ഥാനത്താണ്. സൂര്യകുമാര്‍ യാദവ് (37), ഡെവാള്‍ഡ് ബ്രെവിസ് (31), തിലക് വര്‍മ (26), കീറന്‍ പൊള്ളാഡ് (25) എന്നിവര്‍ മുംബൈക്കായി പൊരുതി. മുംബൈ നായകന്‍ രോഹിത് ശര്‍മ (6) വീണ്ടും നിരാശപ്പെടുത്തി. കഴിഞ്ഞ ആറു ഇന്നിങ്‌സുകളില്‍ നിന്നായി 114 റണ്‍സ് മാത്രം നേടിയ രോഹിത്തിന്റെ ഫോം ടീമിനെ നന്നായി ബാധിക്കുന്നുണ്ട്. ഇഷാന്‍ കിഷന്‍ (13), ഫാബിയന്‍ അലന്‍ (8), ജയ്‌ദേവ് ഉനദ്ഘട്ട് (14), മുരുകന്‍ അശ്വിന്‍ (6) എന്നിവരാണ് പുറത്തായ മറ്റ് മുംബൈ ബാറ്റ്‌സ്മാന്‍മാര്‍. ജസ്പ്രീത് ബൂംറയും (0) ടൈല്‍ മില്‍സും (0) പുറത്താകാതെ നിന്നു.

ഇതോടെ മുംബൈയുടെ പ്ലേ ഓഫ് പ്രവേശനം ദുഷ്‌കരമാകും. 10 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ഇനി അവര്‍ക്ക് പരമാവധി 16 പോയിന്റുകള്‍ മാത്രമാണ് നേടാന്‍ സാധിക്കുക. നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായി വരും ദിവസങ്ങളില്‍ പോയിന്റ് പട്ടികയില്‍ താഴെയുള്ളവര്‍ മുകളിലുള്ളവരെ തോല്‍പിക്കുന്ന സാഹചര്യം കൂടി ഒത്തുവന്നാലാണ് ഇനി മുംബൈക്ക് പ്രതീക്ഷ.