തങ്ങളും കൂടി പരിശ്രമിച്ചിട്ടാണ് മന്ത്രിയായത്; ഗതാഗത മന്ത്രിക്കെതിരെ വിമർശനവുമായി സിഐടിയു

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വിമർശനവുമായി തൊഴിലാളി സംഘടനയായ സിഐടിയു. തങ്ങളും കൂടി പരിശ്രമിച്ചിട്ടാണ് അദ്ദേഹം മന്ത്രിയായതെന്നും എന്നാൽ മന്ത്രി ജീവനക്കാർക്കെതിരെ തിരിഞ്ഞുവെന്നും സിഐടിയു വിമർശിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യത്തിലാണ് സിഐടിയു ഗതാഗത മന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

അതേസമയം, കെഎസ്ആർടിസി ആസ്ഥാനത്തിന് മുന്നിൽ സിഐടിയു സംഘടിപ്പിച്ച സമരം മൂന്നാം ദിവസത്തിലേയ്ക്ക് കടന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ ശമ്പളവിതരണത്തിനായി സംസ്ഥാന ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയ്ക്ക് ലഭിച്ചിട്ടില്ല.

ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഗതാഗത മന്ത്രിയ്ക്കുണ്ടെന്ന് കെഎസ്ആർടിഎ സംസ്ഥാന സെക്രട്ടറി ശാന്തകുമാർ അറിയിച്ചു.കേരളത്തിൽ മറ്റൊരു വകുപ്പിലും ജീവനക്കാരുടെ ശമ്പളം കിട്ടാത്ത അവസ്ഥയില്ല. ഡീസൽ വില വർദ്ധനവും മാനേജ്മെന്റിന്റെ അനാസ്ഥയും മൂലം കെഎസ്ആർടിസിയ്ക്ക് ഉണ്ടാകുന്ന പ്രതിസന്ധിയുടെ പഴി ജീവനക്കാർ മാത്രം സഹിയ്ക്കണമെന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സമരം ചെയ്താൽ ശമ്പളം കിട്ടുമോയെന്ന മന്ത്രിയുടെ പ്രസ്താവന ജീവനക്കാരെ വേദനിപ്പിച്ചു. ശമ്പള വിതരണത്തിലെ പ്രശ്‌നം പരിഹരിയ്ക്കാനായി മന്ത്രി ഇടപെടണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.