‘മുറിവേറ്റാല്‍ ഒരാളെയും ഇന്ത്യ വെറുതെ വിടില്ല’; ചൈനക്ക് മുന്നറിയിപ്പ് നല്‍കി രാജ്‌നാഥ് സിംഗ്‌

സാന്‍ ഫ്രാന്‍സിസ്‌കോ: ലഡാക്ക് അതിര്‍ത്തിയിലെ അധിനിവേശ ശ്രമത്തിന് ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യ. മുറിവേറ്റാല്‍ ഒരാളെയും ഇന്ത്യ വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനയ്ക്ക് താക്കീത് നല്‍കി.

‘ഇന്ത്യന്‍ സൈന്യം എന്താണ് ചെയ്തതെന്നോ, ഇന്ത്യന്‍ സര്‍ക്കാര്‍ എന്ത് തീരുമാനമാണ് എടുത്തതെന്നോ എനിക്ക് പറയാനാവില്ല. പക്ഷേ ഒന്ന് പറയാം, മുറിവേറ്റാല്‍ ഇന്ത്യ ആരെയും വെറുതെ വിടില്ല എന്ന സന്ദേശം ചൈനയ്ക്ക് കിട്ടിക്കഴിഞ്ഞു’- രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. അതേസമയം, ഒരു രാജ്യത്തോട് ഇന്ത്യക്ക് ബന്ധമുണ്ടെന്നതിനാല്‍ മറ്റൊരു രാജ്യത്തോടുള്ള ബന്ധം മോശമാകുന്നില്ലെന്നും അമേരിക്കയ്ക്കുള്ള സന്ദേശമായി അദ്ദേഹം പറഞ്ഞു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യ – അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ ലോകത്തിലെ മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാകാനായി ഇന്ത്യ മുന്നോട്ട് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.