‘ദ്രോഹികളാണ് വിമര്‍ശനം ഉന്നയിക്കുന്നത്, അവരോട് പോയി പണി നോക്കാന്‍ പറ’; വിഷുക്കൈനീട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി

തിരുവനന്തപുരം: വിഷുക്കൈനീട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത്. ‘കഴിഞ്ഞ വര്‍ഷവും ഇത് പോലെ കൈനീട്ടം കൊടുക്കാനായി ക്ഷേത്രത്തില്‍ പണം ഏല്‍പ്പിച്ചിരുന്നു. ഇത്തവണ രാജ്യസഭാ കാലാവധി കഴിഞ്ഞ ശേഷം തൃശൂരെത്തി. ഒരാഴ്ച വിഷു വാരമായി ആഘോഷിക്കാമെന്നും എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കാമെന്നും തീരുമാനിക്കുകയായിരുന്നു. റിസര്‍വ് ബാങ്കില്‍ നിന്നും തന്റെ ലെറ്റര്‍ പാഡില്‍ എഴുതി കൊടുത്താണ് ഒരു ലക്ഷം രൂപയുടെ പുത്തന്‍ ഒരു രൂപ നോട്ടുകളും 20000 രൂപയ്ക്കുള്ള പത്ത് രൂപ നോട്ടുകളും വാങ്ങിയത്. ഇതാണ് കൈനീട്ടത്തിനായി ക്ഷേത്രങ്ങളില്‍ നല്‍കിയത്. ബിജെപി പണം കൊടുത്ത് വോട്ട് പിടിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ല. കൈനീട്ടം കൊടുക്കുന്നത് വര്‍ഷങ്ങളായുള്ള ആചാരമാണ്. അത് ആരെയെങ്കിലും ഭയപ്പെടുത്തുന്നുവെങ്കില്‍ പോയി ചാകാന്‍ പറയ്’- അദ്ദേഹം പ്രതികരിച്ചു.

‘ഞാനിത് ദൈവീകമായി ചെയ്തതാണ്. എനിക്ക് കടപ്പാട് ദൈവത്തോട് മാത്രമാണ്, ഒരു രാഷ്ടീയ പാര്‍ട്ടിയോടുമല്ല. മനുഷ്യ സഹജമായ തെറ്റുകള്‍ ചെയ്തിട്ടുണ്ടാവാം. എന്നാല്‍, ആരോടും ദ്രോഹം ചെയ്തിട്ടില്ല. ദ്രോഹികളാണ് വിമര്‍ശനം ഉന്നയിക്കുന്നത്. അവരോട് പോയി പണി നോക്കാന്‍ പറ. ആരോടും കാല്‍ തൊട്ട് വന്ദിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പോകുന്ന വഴിക്ക് ആളുകളാണ് കാറിന് കൈകാണിച്ച് നിര്‍ത്തിച്ചത്. ഗ്ലാസ് താഴ്ത്തിയാണ് ആദ്യം കൈനീട്ടം നല്‍കിയത്. എന്നാല്‍, അവരുടെ ആവശ്യപ്രകാരമാണ് ഡോര്‍ തുറന്നത്. റോഡിലിറങ്ങി തരാനാകില്ലെന്ന് പറഞ്ഞു. പെരുവഴിയില്‍ വച്ചല്ല കൈനീട്ടം നല്‍കേണ്ടതല്ല ഇത്’- സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

‘ആര്‍ക്കാണ് ഇത്ര അസുഖം. അവരുടെ ഒക്കെ കാലില്‍ വീഴണ്ടെങ്കില്‍ വീഴണ്ട. ഇത് കാലില്‍ വീഴുന്ന ആളിന്റെ നിശ്ചയമല്ലേ. ഒരാളെയെങ്കിലും പറഞ്ഞ് ചെയ്യിച്ചതാണെന്ന് തെളിയിക്കാനാകുമോ? രാഷ്ടീയത്തിലേയ്ക്ക് എത്തുന്നതിന് മുന്‍പ് എന്‍ഡോസള്‍ഫാന്‍ പ്രദേശത്ത് ഏതവനാ പോയത്? പണ്ട് ഒരു ദലിത് പെണ്‍കുട്ടി ഞാനൊരു പുലയിപ്പെണ്ണ് എന്ന് പോസ്റ്റിട്ടപ്പോള്‍ അതിന് എം പി ഫണ്ടിന്ന് സഹായിക്കാന്‍ നോക്കിയപ്പോഴും സ്വന്തം പോക്കറ്റില്‍ നിന്നും കൊടുക്കാന്‍ നോക്കിയപ്പോഴും സമ്മതിച്ചില്ല. ഇത്തരത്തില്‍ വൃത്തികെട്ട രാഷ്ടീയമാണ് ചിലര്‍ കളിയ്ക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ രാജ്യത്ത് ശക്തമായി മടങ്ങി വരും. തല്‍ക്കാലം തോറ്റെങ്കിലും ഫീനിക്സ് പക്ഷിയെപ്പൊലെയല്ല, ആന ചിറക് വച്ചത് പോലെ നിയമം തിരിച്ചുവരും. വരും നാളുകളില്‍ രാഷ്ടീയവും സിനിമയുമായി മുന്നോട്ട് പോകും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.