ന്യൂഡല്‍ഹി: ഈജിപ്ത് ഇന്ത്യയെ ഗോതമ്പ് വിതരണക്കാരായി അംഗീകരിച്ചെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചു. ‘ഇന്ന് നമ്മുടെ കര്‍ഷകര്‍ ലോകമെമ്പാടുമുള്ളവരെ അന്നമൂട്ടുകയാണ്. ആഗോളതലത്തില്‍ ധാന്യവിതരണത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ ശ്രദ്ധേയമാണ്. നമ്മുടെ കര്‍ഷകര്‍ രാജ്യത്തിന്റെ പത്തായം നിറയ്ക്കുന്നു. ലോകത്തെ ഊട്ടാന്‍ ഞങ്ങള്‍ തയ്യാറാണ്’- അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ഗോതമ്പും മറ്റ് ധാന്യങ്ങളും മികച്ച ഗുണനിലവാരമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഈജിപ്തില്‍ നിന്നുള്ള ഭക്ഷ്യവിതരണ അതോറിറ്റി പ്രതിനിധികള്‍ വിതരണക്കാരായി ഇന്ത്യയെയും പരിഗണിച്ചത്. പഞ്ചാബ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിനിധി സംഘം എത്തിയത്. പാടശേഖരങ്ങളും, ധാന്യസംഭരണ ശാലകളിലും സംഘം സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനത്തിന് ശേഷം സംഘം ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. തുടര്‍ന്ന് വിവരം ഇന്ത്യയെ അറിയിക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് ഉപഭോക്താവായ ഈജിപ്ത് ഗോതമ്പിനായി റഷ്യയെയും, യുക്രൈനിനെയുമാണ് പ്രധാനമായി ആശ്രയിച്ചിരുന്നത്. എന്നാല്‍, യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പ്രതിസന്ധിയിലാവുകയും, തുടര്‍ന്ന് ഇന്ത്യയെ സമീപിക്കുകയുമായിരുന്നു.

