തിരുവനന്തപുരം: അപകടങ്ങള്‍ ആവര്‍ത്തിച്ചതോടെ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന് വിമര്‍ശനം. ജീവനക്കാരുടെ പരിചയക്കുറവാണെന്ന് ബസുകള്‍ നിരന്തരം അപകടത്തില്‍പ്പെടുന്നതിന് കാരണമെന്ന് ഇടത് അനുകൂല എംപ്ലോയീസ് യൂണിയന്‍ ചൂണ്ടിക്കാട്ടി.
കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരെ സ്വിഫ്റ്റ് സര്‍വ്വീസില്‍ നിയമിച്ചത്. പരിചയമില്ലാത്ത കരാര്‍ ജീവനക്കാര്‍ക്ക് പകരം കെഎസ്ആര്‍ടിസി ജീവനക്കാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനില്‍ നിയമിച്ചില്ലെന്നാണ് സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ലോയീസ് യൂണിയന്‍ ചോദ്യമുന്നയിക്കുന്നത്. സ്വിഫ്റ്റിലെ പ്രതിസന്ധിക്ക് മാനേജ്‌മെന്റും ഉത്തരവാദിയാണെന്നും അപകടങ്ങളില്‍ അന്വേഷണം വേണമെന്നും യൂണിയന്‍ ആവര്‍ത്തിക്കുന്നു.
‘സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പളം വൈകുന്നതില്‍ എംഡിയെ മാറ്റിയത് കൊണ്ട് മാറ്റമുണ്ടാകണമെന്നില്ല. മാനേജ്‌മെന്റിന്റെ നയമാണ് മാറേണ്ടത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച റീ സ്ട്രക്ചര്‍ നടപ്പാക്കുന്നതില്‍ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായി’- യൂണിയന്‍ വ്യക്തമാക്കി.

