തിരുവനന്തപുരം: കൊവിഡ് അവധിക്ക് ശേഷം കുട്ടികളെ പഠനത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ അധ്യാപന രീതിയില്‍ മാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്. മധ്യ വേനലവധിക്കാലത്തെ ട്രെയിനിംഗ് ക്യാമ്പുകളില്‍ ഇനി ക്ലാസെടുക്കലിനു പകരം പരസ്പര ആശയ വിനിമയത്തിലൂന്നിയുള്ള പരിശീലനമാകും നടക്കുക. ക്യാമ്പിടങ്ങളില് തന്നെ തങ്ങി ട്രെയിനിംഗ് പൂര്‍ത്തീകരിക്കും. അധ്യാപകര്‍ക്ക് ക്യാമ്പില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാനുമുള്ള അവസരവുമുണ്ടാകും.
ജില്ലയിലെ മൂന്നോ നാലോ സ്കൂളുകള്‍ തിരഞ്ഞെടുത്ത് ഗ്രൂപ്പുണ്ടാക്കിയാവും പരിശീലനം. വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 58,000 എല്‍.പി സ്കൂള്‍ അധ്യാപകരാണുള്ളത്. ആദ്യ ഘട്ടത്തില്‍ എല്‍.പി വിഭാഗത്തിലെ അധ്യാപകരെയാണ് പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. മെയ് 25ന് മുന്‍പ് ട്രെയിനിംഗ് ക്യാമ്പുകള്‍ പൂര്‍ത്തിയാക്കാനുള്ള മുന്നൊരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലും എസ്.എസ്.കെയിലും എസ്.സി.ഇ.ആര്.ടിയിലുമൊക്കെയായി നടക്കുന്നുണ്ട്.
രാവിലെ ഒരു മണിക്കൂര്‍ യോഗയും ഒരു ദിവസം യാത്രയുമുണ്ടാകും. പരിശീലന സമയത്ത് ചര്‍ച്ചകളും സജീവമാക്കും. 23 നുള്ളില്‍ ഇതു സംബന്ധിച്ച് മൊഡ്യൂള്‍ തീര്‍പ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

