നടിയെ ആക്രമിച്ച കേസ്: കാവ്യയെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അനൂപും സുരാജും അടക്കം നിലവില്‍ നോട്ടീസ് നല്‍കിയിരിക്കുന്നവരെ ചോദ്യം ചെയ്ത ശേഷം കാവ്യയെ ചോദ്യം ചെയ്യാമെന്ന് ക്രൈം ബ്രാഞ്ച് തീരുമാനം. ബാലചന്ദ്രകുമാറിനെയും കാവ്യയെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും അന്വേഷണ സംഘം തേടുന്നുണ്ടെന്നാണ് സൂചന. കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കം ക്രൈം ബ്രാഞ്ച് ഊര്‍ജിതമായി നടത്തിയിരുന്നു.

എന്നാല്‍, വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്. നിലവില്‍ വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് വിവരം. കാവ്യയെ ആലുവ പൊലീസ് ക്ലബ്ബില്‍ തന്നെ എത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നുമാസം കൂടെ തുടരന്വേഷണം വേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.

അതേസമയം, കേസിലെ തെളിവായ ദൃശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്നെന്ന ആരോപണത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ചോദ്യം ചെയ്യുന്നതിന് ഈ മാസം 4നു കോടതി അനുമതി നല്‍കിയിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ശിരസ്തദാറിനെയും തൊണ്ടി ക്ലാര്‍ക്കിനെയുമാണ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യുക. കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം അനുമതി തേടിയിട്ടുണ്ട്.