കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗവും കൈവെട്ടുകേസിൽ പ്രതിയുമായിരുന്ന മൂവാറ്റുപുഴ സ്വദേശി എം.കെ. അഷറഫിനെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൽഹിയിൽ വെച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഇയാളെ അറസ്റ്റ് ചെയ്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അഷ്‌റഫ് അറസ്റ്റിലായത്. നിക്ഷേപ പദ്ധതികൾ വഴി കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇയാളെ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവാറ്റുപുഴയിലെ ഇയാളുടെ വീട്ടിലെത്തി നേരത്തെ എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. കേരളത്തിലും വിദേശത്തുമായി നിക്ഷേപം നടത്തി ഇയാൾ പോപ്പുലർ ഫ്രണ്ടിനായി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തൽ. അബുദാബിയിലും മൂന്നാറിലുമായി പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ പേരിൽ നടത്തിയ നിക്ഷേപങ്ങൾ കള്ളപ്പണം വെളുപ്പിക്കാനാണെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.
തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലും ഇയാൾ പ്രതിയാണ്. കേസിൽ ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ഇയാൾക്കെതിരെ എൻഐഎ ചുമത്തിയിരുന്ന കുറ്റം. അതേസമയം എം.കെ. അഷറഫിനെ ഇഡി അറസ്റ്റു ചെയ്തത് അന്യായമായാണെന്നും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നുമാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്.

